സംഘപരിവാര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; കേരള സര്‍ക്കാരിന് ചുട്ട മറുപടി നല്‍കുമെന്ന് ഭീഷണി

single-img
6 January 2019

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി ദേശീയ നേതൃത്വം. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി എന്ന കാരണം കൊണ്ടാണ് ഇത്രയധികം ആളുകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ‘സംസ്ഥാന സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി എന്ന കാരണം കൊണ്ട് മാത്രം കേരളത്തില്‍ 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

37,000 പേരെ പ്രതികളാക്കി. 3170 പേര്‍ കസ്റ്റഡിയിലാണ്.” സ്മൃതി ഇറാനി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. വി മുരളീധരന്‍ എംപിയുടെ വീടാക്രമിച്ചത് അപലപിക്കുന്നെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്ന് ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ടത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റ് തുടരുകയാണ്. 1772 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 5397 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 4666 പേര്‍ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.