ഇനിമുതല്‍ റെയില്‍വെ സ്റ്റേഷനുകളും എയര്‍പോര്‍ട്ടിലേതുപോലെ ചെക്ക് ഇന്‍ രീതിയിലേക്ക്; യാത്രക്കാര്‍ 20 മിനിറ്റ് മുമ്പെത്തണം

single-img
6 January 2019

റെയില്‍വെ സ്റ്റേഷനുകളില്‍ വിമാനത്താവളങ്ങളിലേതിനു സമാനമായ സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വെയുടെ നീക്കം. ട്രെയിന്‍ പുറപ്പെടുന്നതിന് 15-20 മിനിട്ട് മുമ്പ് യാത്രക്കാര്‍ സ്റ്റേഷനിലെത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തീകരിക്കാനാണ് റെയില്‍വെ നീക്കം നടത്തുന്നത്.

ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധന പദ്ധതി പ്രയാഗ്രാജ് റെയില്‍വെ സ്റ്റേഷനില്‍ നടപ്പാക്കിയിട്ടുണ്ട്. ഈ മാസം ആരംഭിക്കുന്ന കുംഭമേളക്ക് മുന്നോടിയായാണ് ഇത് നടപ്പാക്കുക. കര്‍ണാടകയിലെ ഹൂബ്ലി റെയില്‍വെ സ്റ്റേഷനിലും പദ്ധതി നടപ്പാക്കാന്‍ തയാറെടുത്തിട്ടുണ്ട്.

കൂടാതെ 202 റെയില്‍വെ സ്റ്റേഷനുകള്‍ കൂടി പദ്ധതി നടപ്പിലാക്കാന്‍ തയാറെടുത്തതായും റെയില്‍ സുരക്ഷാസേന ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. സ്റ്റേഷനിലേക്ക് കടക്കാനുള്ള വഴികളിലാകും സുരക്ഷാ പരിശോധനകള്‍ നടക്കുക. യാത്രക്കാര്‍ക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാകും പരിശോധനകളെന്ന് അരുണ്‍ കുമാര്‍ പി.ടി.ഐയോട് പറഞ്ഞു.

ഇതിനായി അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കില്ലെന്നും സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകള്‍ അധികവുമെന്നും അദ്ദേഹം പറയുന്നു. 2016 ല്‍ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 202 സ്‌റ്റേഷനുകളും നിരന്തര നിരീക്ഷണത്തിന് കീഴില്‍ വരും.

സിസിടിവി ക്യാമറ, ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ലഗേജുകള്‍ പരിശോധിക്കാനുള്ള സ്‌കാനറുകള്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് ചെക്കിങ് നടപടികള്‍ നടത്തുക. ഇതിനായി 385.06 കോടി രൂപ ചിലവാകുമെന്നാണ് കരുതുന്നത്.

തിരക്കുള്ള സമയങ്ങളില്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാകും. ഇതിനോടൊപ്പം മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും. കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. ആദ്യഘട്ടില്‍ എല്ലാവര്‍ക്കും പരിശോധയുണ്ടാകില്ല. പകരം സ്റ്റേഷനിലേത്ത് എത്തുന്ന എട്ടോ ഒമ്പതോ യാത്രക്കാരില്‍ ഒരാള്‍ക്കോ ഒന്നിലേറേ പേര്‍ക്കോ എന്ന കണക്കില്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും.