പ്രതിരോധമന്ത്രി പറഞ്ഞത് കള്ളം: ഒന്നുകില്‍ തെളിവ് നല്‍കുക, അല്ലെങ്കില്‍ രാജി വയ്ക്കണമെന്ന് രാഹുല്‍

single-img
6 January 2019

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയെന്നു പറയുന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അതിന്റെ തെളിവ് ഹാജരാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രി പാര്‍ലമെന്റിനു മുന്നില്‍ തെളിവ് ഹാജരാക്കുകയോ അല്ലാത്ത പക്ഷം രാജിവയ്ക്കുകയോ വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

‘നിങ്ങള്‍ ഒരു കള്ളം പറഞ്ഞാല്‍ അതിനെ സംരക്ഷിക്കാന്‍ കള്ളം പറഞ്ഞുകൊണ്ടോയിരിക്കണം. പ്രധാനമന്ത്രിയുടെ റഫാല്‍ കളവിനെ പ്രതിരോധിക്കാനുള്ള വ്യഗ്രതയില്‍ പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രിയും കള്ളം പറഞ്ഞു. എച്ച്എഎലിനു ഓര്‍ഡര്‍ നല്‍കിയതിനു തെളിവ് പ്രതിരോധമന്ത്രി അടുത്ത ദിവസം തീര്‍ച്ചയായും പാര്‍ലമെന്റിനു മുന്നില്‍വയ്ക്കണം. അല്ലായെങ്കില്‍ രാജിവയ്ക്കണമെന്ന്’രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം, എച്ച്എഎല്ലിനു ഒരു ചെറിയ ഓര്‍ഡര്‍പോലും ലഭിച്ചിട്ടില്ലെന്നും യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുടെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വായ്പ എടുക്കേണ്ട അവസ്ഥയിലാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞു.

എച്ച്എഎല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും ബുദ്ധിമുട്ടുകയാണെന്നും പ്രതിരോധമന്ത്രി പാര്‍മെന്റില്‍ സൂചിപ്പിച്ച ഒരു ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നുമുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെയും രണ്‍ദീപിന്റെയും ആക്രമണം.