ഇന്ത്യ ചരിത്രത്തിന്റെ ക്രീസിലേക്ക്; ഓസീസ് സ്വന്തംനാട്ടില്‍ ഫോളോഓണ്‍ വഴങ്ങുന്നത് 30 വര്‍ഷങ്ങള്‍ക്കു ശേഷം

single-img
6 January 2019

ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസിന് രക്ഷയായി വീണ്ടും കാലാവസ്ഥ. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെടുത്തു നില്‍ക്കെ വെളിച്ചക്കുറവ് വില്ലനാകുകയായിരുന്നു.

ചായക്ക് പിരിഞ്ഞ ശേഷം പിന്നീട് മത്സരം തുടരാനായില്ല. നാലാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ നാലു റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും രണ്ടു റണ്‍സുമായി മാര്‍ക്കസ് ഹാരിസുമാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ ഇപ്പോഴും 316 റണ്‍സ് പിറകിലാണ് ഓസീസ്.

30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോഹ്‌ലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയുടെ ചൈനാമാന്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസീസിനെ വന്‍ നാണക്കേടിലേക്ക് തള്ളിവിട്ടത്. ടെസ്റ്റില്‍ കുല്‍ദീപിന്റെ രണ്ടാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ജഡേജ കുല്‍ദീപ് സ്പിന്‍ ജോഡി ഏഴു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംമ്ര രണ്ടു വിക്കറ്റും ഷമി ഒരു വിക്കറ്റും സ്വന്തമാക്കി ഓസീസ് നാണക്കേട് പൂര്‍ത്തിയാക്കി.

ഓസീസ് നിരയില്‍ അര്‍ധസെഞ്ചുറി നേടിയ മാര്‍ക്കസ് ഹാരീസ് (79) മാത്രമാണ് പൊരുതിനിന്നത്. ലബുഷ്ചാഗ്‌നെ (38), ഹാന്‍ഡ്‌സ്‌കോമ്പും (37) ഭേദപ്പെട്ട പ്രകടനം നടത്തി. 29 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല.

ഒന്നാം വിക്കറ്റിലും രണ്ടാം വിക്കറ്റിലും മാത്രമാണ് ഓസീസിന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത്. ഉസ്മാന്‍ ഖവാജയും (27 റണ്‍സ്) ഹാരിസും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 72 റണ്‍സും രണ്ടാം വിക്കറ്റില്‍ ഹാരിസും ലബുഷ്ചാഗ്‌നെയും ചേര്‍ന്ന് 56 റണ്‍സും നേടി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ ഓസീസ് മൂന്നു പതിറ്റാണ്ടിനിടയിലെ വലിയ നാണക്കേടിലേക്ക് കൂപ്പുകുത്തി.

ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യയെ ഇന്നിംഗ്‌സ് വിജയവും ഓസീസിനെ വന്‍ തോല്‍വിയുമാണ് കാത്തിരിക്കുന്നത്. സിഡ്‌നിയില്‍ കഴിഞ്ഞ ദിവസം ചുഴലിക്കാറ്റും മഴയും ഉണ്ടായിരുന്നു.