ഗോളടിയിൽ മെസ്സിയെ മറികടന്ന് ഛേത്രി

single-img
6 January 2019

എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഗോള്‍വര്‍ഷത്തോടെ ഇന്ത്യക്ക് ജയത്തുടക്കം. ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ ഇന്ത്യ 4-1ന് തറപറ്റിച്ചു. സുനില്‍ ഛേത്രി ഇരട്ട ഗോളും അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയും ഓരോ ഗോളും നേടി. തേരാസിലിന്‍റെ വകയായിരുന്നു തായ്‌ലന്‍ഡിന്‍റെ ഏക മറുപടി.

അതിനിടെ, ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ അർജന്റീനയുടെ ലയണൽ മെസ്സിയെ ഛേത്രി മറികടന്നു. ഇന്ത്യന്‍ നായകന്റെ ബൂട്ടില്‍ നിന്നും ദേശീയ ടീമിനായി 67 ഗോളുകളാണ് ഇതുവരെ പിറന്നിരിക്കുന്നത്. അതും 104 മത്സരങ്ങളില്‍ നിന്ന്.

അര്‍ജന്റീനന്‍ നായകനും സൂപ്പര്‍ താരവുമായ മെസിയ്ക്ക് അന്താരാഷ്ട്ര കരിയറില്‍ 65 ഗോളുകളാണ് സ്വന്തമായിട്ടുള്ളത്. അതും 128 മത്സരങ്ങളില്‍ നിന്ന്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഈ പട്ടികയില്‍ മുന്നിലുള്ളത്. 154 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകളാണ് ക്രിസ്റ്റ്യോനോ നേടിയിരിക്കുന്നത്.

ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയെടുത്താല്‍ 20 ാം സ്ഥാനത്താണ് ഛേത്രി. കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ രണ്ടാം സ്ഥാനത്തും മെസി 22 ാം സ്ഥാനത്തുമാണ്. ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരന്‍. 109 ഗോളുകളാണ് താരത്തിന്റെ പേരില്‍. മൂന്നാമതുള്ള പുസ്‌കാസിന്റെ പേരില്‍ 84 ഗോളുകളും.