മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നു; സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു: തുറന്നടിച്ച് ചെന്നിത്തല

single-img
6 January 2019

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും അക്രമങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥിതി ശാന്തമാക്കാനല്ല അത് വഷളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ചേര്‍ന്ന് കേരളത്തെ തകര്‍ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സംഘപരിവാറിനെ കേരളത്തില്‍ ശക്തിപ്പെടുത്താന്‍ സിപിഎം അജണ്ടയെന്നും സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയെല്ലാം സംഘപരിവാര്‍ ആക്കി മാറ്റുന്നെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍എസ്എസുകാരും സിപിഎമ്മുകാരും ചേര്‍ന്ന് ആരാധനാലയങ്ങള്‍ പോലും നശിപ്പിക്കുന്നു. എന്നാല്‍ എല്ലാറ്റിനും ഇരയാകുന്നത് സാധാരണക്കാരാണ്. ഇനി ഒരു ഹര്‍ത്താല്‍ കേരളം താങ്ങില്ല. ഈ മാസം 8,9 തിയതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് ഹര്‍ത്താല്‍ ആക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.