സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഫലംകണ്ടു; സൗദിയില്‍ മലയാളി യുവാവ് ഒരുവര്‍ഷത്തിനു ശേഷം ജയില്‍മോചിതനായി

single-img
5 January 2019

വാഹനാപകട കേസില്‍ സൗദിയില്‍ ജയിലിലായിരുന്ന മലയാളി യുവാവിന് മോചനം. തിരുവനന്തപുരം നെടുമങ്ങാട് പനവൂര്‍ തടത്തരികത്ത് വീട്ടില്‍ താജുദ്ധീന്‍ (37) ആണ് ജയില്‍മോചിതനായത്. സാമൂഹ്യ പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് താജുദ്ധീന് ജയില്‍ മോചനം സാധ്യമായത്.

2016 സെപ്തംബറിലാണ് കേസിനാസ്പദമായ അപകടം നടന്നത്. ജുബൈലില്‍ ബസ് ഡ്രൈവറായിരുന്ന താജുദ്ധീന്‍ കമ്പനി ക്യാംപില്‍ നിന്നും തൊഴിലാളികളെ കൊണ്ട് പോകാനായി ബസ് മുന്നോട്ടെടുക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ചൈനീസ് സ്വദേശി പിന്‍ഭാഗത്തെ ടയറിനടിയിലേക്ക് വീഴുകയായിരുന്നു.

ഗുരുതര പരുക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ചു മരിക്കുകയും ചെയ്തു. ഇതിനിടെ സംഭവത്തില്‍ പോലീസ് പിടിയിലായ താജുദ്ധീനെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ജാമ്യത്തില്‍ പുറത്തിറക്കിയെങ്കിലും നഷ്ട പരിഹാരം പൂര്‍ണ്ണമായും ലഭിക്കാതെ മരണപ്പെട്ട ചൈനീസ് പൗരന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ വീണ്ടും ജയിലിലായി.

നഷ്ടപരിഹാര തുക നല്‍കേണ്ട ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കേസ് വൈകുന്നതിനനുസരിച്ചു താജുദീന്റെ മോചനവും നീളുകയായിരുന്നു. ഇതേതുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൈനീസ് കമ്പനി അധികൃതരുമായും മരിച്ചയാളുടെ കുടുംബങ്ങളുമായും നിരന്തര ചര്‍ച്ചകള്‍ നടത്തിയ ഫലമായി ഇന്‍ഷൂറന്‍സ് കേസ് അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ ജയില്‍ മോചനം സാധ്യമാക്കുകയായിരുന്നു.