എം.എൽ.എയുടേയും എം.പിയുടേയും വീട് ആക്രമിച്ചു; സിപിഎം പ്രവർത്തകന് വെട്ടേറ്റു; കണ്ണൂരില്‍ കനത്ത ജാഗ്രത

single-img
5 January 2019

ശബരിമല യുവതീപ്രവേശത്തെ തുടർന്ന് സംസ്ഥാനമൊട്ടാകെയുണ്ടായ അക്രമങ്ങളുടെ അലയൊലി കണ്ണൂരിൽ രൂക്ഷം. സിപിഎം – ബിജെപി – ആർഎസ്എസ് നേതാക്കന്മാരുടെയും പ്രവർത്തകരുടെയും വീടുകൾക്കു നേരെയുള്ള അക്രമം തുടരുകയാണ്. ഇരിട്ടിയിൽ സിപിഎം പ്രവർത്തകൻ വി.കെ.വിശാഖിന് വെട്ടേറ്റു.

എ എൻ ഷംസീർ എംഎൽഎ, വി മുരളീധരൻ എം പി, സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ചെറുതാഴത്ത് ആർഎസ്എസ് ഓഫീസിന് തീയിട്ടു. എ.എന്‍. ഷംസീറിന്റെ മാടപ്പീടികയിലെ വീടിനുനേരെ എറിഞ്ഞ ബോംബ് മുറ്റത്ത് വീണുപൊട്ടി. സംഭവം നടക്കുമ്പോള്‍ ഷംസീര്‍ തലശ്ശേരിയില്‍ എസ്.പി. ശിവവിക്രമിന്റെ നേതൃത്വത്തില്‍ നടന്ന സി.പി.എം., ബി.ജെ.പി.-ആര്‍.എസ്.എസ്. നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു. വീട്ടില്‍ ഷംസീറിന്റെ പിതാവും മാതാവും സഹോദരങ്ങളുമാണുണ്ടായിരുന്നത്.

തൊട്ടു പിന്നാലെ 11 മണിയോടെ  സി.പി.എം. മുന്‍ ജില്ലാസെക്രട്ടറി പി.ശശിയുടെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലേക്കുള്ള ഹോളോവേ റോഡരികിലെ വീടിനു നേരേ  ബോംബേറുണ്ടായി. വാതിലും ജനാലയും തകര്‍ന്നു. അക്രമം നടക്കുമ്പോള്‍ ശശി വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ അക്രമികളാണ് ബോംബെറിഞ്ഞത്. ഒരു മണിക്കൂറിന് ശേഷം 12 മണിയോടെയാണ് ബി.ജെ.പി. നേതാവ് വി.മുരളീധരന്റെ എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട്ട് വീടിനുനേരേ വാഹനത്തലെത്തിയ സംഘം ബോംബെറിഞ്ഞത്.

മൂന്ന് നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായ വാര്‍ത്ത പടര്‍ന്നതോടെ കണ്ണൂരിന്റെ പലഭാഗങ്ങളിലും സംഘര്‍ഷമുണ്ടായി. രാവിലെയോടെ കൂടുതല്‍ പോലീസിനെ തലശേരി ഇരിട്ടി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ സമീപ പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തുന്നു. 

കണ്ണൂരില്‍ അവധിയിലുള്ള  പോലീസുകാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. ആസൂത്രിതകലാപത്തിനുള്ള ആര്‍എസ്എസ് ശ്രമമാണെന്ന് എ.എന്‍ ഷംസീര്‍ ആരോപിച്ചു.  പോലീസ് നിഷ്‌ക്രിയമെന്ന് വി മുരളീധരനും ആരോപണമുന്നയിച്ചു.

അതേസമയം, കണ്ണൂരിൽ 33 പേരെ കരുതൽ തടങ്കലിലാക്കി. ഇവരിൽ അധികവും ബിജെപി പ്രവർത്തകരാണ്. 19 പേരെ അറസ്റ്റുചെയ്തു. ഇന്നലെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 13 കേസുകൾ റജിസ്റ്റർ ചെയ്തു. നേതാക്കളുടെ വീടിനുനേരെയുള്ള ആക്രമണം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.