ഗൂഗിള്‍ മാപ്പ് ചതിച്ചു; 15 മിനിറ്റ് യാത്രക്കു വേണ്ടിവന്നത് രണ്ടു മണിക്കൂര്‍

single-img
5 January 2019

പലപ്പോഴും സമയം ലാഭിക്കാനായി ഗൂഗിള്‍ മാപ്പ് കാണിക്കുന്ന വഴികള്‍ ഇടുങ്ങിയതോ അല്ലെങ്കില്‍ എവിടെ ചെന്നെങ്കിലും അവസാനിക്കുന്നതോ ആയിരിക്കും. ഇക്കാര്യം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ വാഹനം തിരിക്കാന്‍ പോലും കഴിയാതെ വരും.

ചിലപ്പോള്‍ വന്‍ ഗര്‍ത്തത്തിലേക്കു വരെ വഴി കാണിക്കും. ഇത്തരത്തില്‍ പലര്‍ക്കും അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. ചിലര്‍ തലനാരിഴയ്ക്ക് മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളതും. ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഗൂഗിള്‍ മാപ്പിനെ ഒരിക്കലും വിശ്വസിക്കരുത്. അല്ലെങ്കില്‍ ഗൂഗിള്‍ മാപ്പിന്റെ സ്വഭാവം, ഫീച്ചറുകള്‍ കൃത്യമായി മനസ്സിലാക്കാതെ യാത്ര തുടര്‍ന്നാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക.

ഓസ്‌ട്രേലിയയിലെ യുവാവാണ് ഏറ്റവും ഒടുവില്‍ ഗൂഗിള്‍ മാപ്പിന് ഇരയായത്. ലക്ഷ്യസ്ഥാനത്തേക്ക് കേവലം 15 മിനിറ്റു മാത്രം ദൂരമെന്ന ഗൂഗിള്‍ മാപ്പിന്റെ ഉപദേശം സ്വീകരിച്ച ബ്രൂസ് എന്ന പേരുള്ള യുവാവ് ലക്ഷ്യസ്ഥാനത്ത് എത്തിയത് രണ്ടു മണിക്കൂര്‍ കഴിഞ്ഞ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഫോട്ടോകള്‍ സഹിതം തന്റെ കഠിന യാത്രയുടെ വിവരങ്ങള്‍ ബ്രൂസ് പങ്കുവച്ചത്.

കുന്നുകളും നദികളും മഴക്കാടുകളും അടങ്ങിയ പ്രദേശത്തു കൂടെയായിരുന്നു ബ്രൂസിനു സഞ്ചരിക്കേണ്ടി വന്നത്. യാത്ര കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും അപകടം മണത്തെങ്കിലും സഞ്ചരിച്ചിരുന്ന ഫോര്‍ഡ് റേഞ്ചര്‍ തിരിക്കാന്‍ പോലും കഴിയാത്ത വിധം ഇടുങ്ങിയ വഴിയായിരുന്നു അത്. ഏതാണ്ട് 1000 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ഡീസലും 20 ലിറ്റര്‍ വെള്ളവും രാത്രി ആവശ്യമെങ്കില്‍ താമസിക്കാന്‍ ഉപകരിക്കുന്ന ടെന്റും കൈവശമുണ്ടായിരുന്നതിനാല്‍ വലിയ ആശങ്കയില്ലായിരുന്നുവെന്നു ബ്രൂസ് പറയുന്നു.