സ്വയംഭോഗത്തെ കുറിച്ചുള്ള നടി അര്‍ച്ചന കവിയുടെ ബ്ലോഗ് വൈറലാകുന്നു!

single-img
5 January 2019

നടി അർച്ചന കവിയുടെ പുതിയ ബ്ലോഗ് കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. സ്വയംഭോഗത്തെക്കുറിച്ചാണ് അർച്ചനയുടെ തുറന്നെഴുത്ത്. സ്വയംഭോഗത്തെ കുറിച്ച് ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ചർച്ചയും തുറന്നുപറച്ചിലുകളുമാണ് ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്നത്. അർച്ചനയുടെ ബ്ലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. 

ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാർഥ്യവും. ഈ സംഭവം തന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത് എന്ന് പറഞ്ഞാണ് അര്‍ച്ചന ബ്ലോഗ് തുടങ്ങിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് സുഹൃത്തുക്കൾ സ്വയം‌ഭോഗം ചെയ്തത് അവർ വളരെ ലാഘവത്തോടെ പറയുന്നതുകേട്ട് അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നത്- അര്‍ച്ചന എഴുതുന്നു. സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ഇത്തരം ചർച്ചകളിൽ ‘കൂൾ’ ആയി ഇരിക്കേണ്ടി വന്നെന്നും അര്‍ച്ചന പറയുന്നു.

ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍

ഇത് വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം നടന്ന കാര്യമാണ്. എന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഞാന്‍ നല്ല സൗഹൃദത്തിലായിരുന്നു. അവര്‍ ഇപ്പോള്‍ എന്റെയും കൂടി സുഹൃത്തുക്കളാണല്ലോ. ആദ്യ നാളുകളില്‍ ഞാന്‍ നന്നായി പാചകം ചെയ്യുമായിരുന്നു. അത് മാത്രമായിരുന്നു അവരുടെ സംഭാഷണങ്ങളില്‍ എനിക്ക് ഇടപെടാനുണ്ടായിരുന്ന ഏക മാര്‍ഗവും. ഒരു പുരുഷന്റെ ഹൃദയത്തിലേക്കുള്ള മാര്‍ഗം അവന്റെ ആമാശയത്തിലൂടെയാണെന്ന് അമ്മ ഉപദേശിച്ചതും ഞാന്‍ പിന്തുടര്‍ന്നിരുന്നു.

സാധാരണ ഞങ്ങള്‍ തമ്മില്‍ അങ്ങനെ അധികം സംഭാഷണം ഒന്നും ഉണ്ടാകാറില്ല. യൂട്യൂബില്‍ വിഡിയോയും കണ്ടിരിക്കും. ഒരു ദിവസം അവര്‍ സംസാരിക്കാന്‍ തുടങ്ങി. എങ്ങനെ ആണെന്നറിയില്ല ആ വര്‍ത്തമാനം ചെന്നവസാനിച്ചത് സ്വയംഭോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്..

അവിടെ ഉണ്ടായിരുന്ന ആകെ ഉള്ള പെണ്‍തരി എന്ന നിലയ്ക്കും പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിലും എനിക്ക് ‘കൂള്‍’ ആയി ഇരിക്കേണ്ടി വന്നു. സ്വയംഭോഗം ഒരു സ്ത്രീയുടെ ലോകത്തില്‍ ഇന്നും വിലക്കപ്പെട്ട കനിയാണ്. ഇതിനെക്കുറിച്ച് ഒരു ആണും പെണ്ണും ഇത്ര തുറന്ന് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇതെങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്നും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഓരോരുത്തരും അവരുടെ സ്വയംഭോഗ അനുഭവത്തെ വിവരിക്കാന്‍ തുടങ്ങി. 

ട്രെയിനിലെ മുകള്‍ ബെര്‍ത്തില്‍ വച്ച്, കാട്ടില്‍ വച്ച്, വിമാനത്തില്‍ വച്ച്… അങ്ങനെ ഓരോ ഇടങ്ങളില്‍, വിചിത്രമായ സ്ഥലങ്ങളില്‍ വച്ച് സ്വയംഭോഗം ചെയ്ത അനുഭവങ്ങള്‍ സുഹൃത്തുക്കള്‍ ലാഘവത്തോടെ പറയുന്നത് കേട്ട് അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതമാണ് തോന്നിയത്. എത്ര കൂളായാണ് പുരുഷന്മാര്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. 

ഒടുവില്‍ തന്റെ ഊഴമെത്തി, എല്ലാ കണ്ണുകളും തന്റെ മേല്‍ പതിഞ്ഞ ആ നിമിഷം വിചിത്രമായ അനുഭവമായിരുന്നു. എന്നാല്‍ എന്റെ ഭാഗ്യത്തിന് ആ ചോദ്യം എന്റെ മേലെ നിന്നും ഒഴിവായെന്നും അത് തനിക്കേറെ ആശ്വാസം നല്‍കിയെന്നും അര്‍ച്ചന പറയുന്നു.

അന്ന് വൈകുന്നേരം കൂട്ടത്തിലെ ഒരു സുഹൃത്ത് തന്റെ അടുത്ത് വന്നു ഒരു കാര്യം പറഞ്ഞു.’ അര്‍ച്ചന നിങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ഉണ്ടാവുകയാണെങ്കില്‍ അവന്‍ സ്വയംഭോഗം ചെയ്യുന്നത് നിങ്ങള്‍ക്കറിയാമെന്ന് അവനെ ഒരിക്കലും അറിയിക്കരുത്.’ എന്ന് പറഞ്ഞു.

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകളേ ആയിട്ടുള്ളൂ, കുഞ്ഞുങ്ങളെ പറ്റി ഒന്നും ആലോചിച്ചിട്ട് പോലുമില്ല. എങ്കിലും ഞാന്‍ ചോദിച്ചു ‘എന്തുകൊണ്ട്?’…’എന്നെ വിശ്വസിക്കൂ, പറയരുത്..’ അയാള്‍ പറഞ്ഞു.  ആ മുറിയിലുള്ള സകലരും അദ്ദേഹത്തിന്റെ പോയിന്റിനോട് യോജിച്ചു.

ഞാന്‍ പറഞ്ഞു ‘ഞാന്‍ എല്ലാം അവനോട് പറയും, എല്ലാം തുറന്ന് സംസാരിക്കാനുള്ള അന്തരീക്ഷം അവന് ഒരുക്കിക്കൊടുക്കും’. അയാള്‍ എന്റെ അഭിപ്രായത്തോട് വിയോജിച്ചു. ‘ഇത് അവന്‍ ജീവിതകാലം മുഴുവന്‍ ചെയ്യാന്‍ പോകുന്ന ഒരു കാര്യമാണ്..അന്നേരം ഇക്കാര്യം അവനുമായി സംസാരിച്ചു കഴിഞ്ഞാല്‍ ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവന് നിന്റെ മുഖം ഓര്‍മ വരും. അത് സംഭവിക്കരുതെന്ന് നീ ആഗ്രഹിക്കുന്നുണ്ടാകും. ശരിയല്ലേ’? അയാള്‍ ചോദിച്ചു.

അന്ന് ഞാന്‍ പുരുഷനെക്കുറിച്ച് നമുക്ക് അറിയാത്ത, ഒരിക്കലും അറിയാന്‍ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങള്‍ അറിഞ്ഞു..എല്ലാം തുറന്ന് പറയാവുന്ന ഒരു സുഹൃത്ത് ഉണ്ടായതില്‍ ഞാന്‍ ഏറെ സന്തോഷിച്ചു. ആ രാത്രി ഞാന്‍ എനിക്ക് പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞിനെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് ഉറങ്ങിയത്… അര്‍ച്ചന പറയുന്നു