‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം’; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് സംഘപരിവാറിനെ വിറപ്പിച്ച എസ്ഐ: വീഡിയോ

single-img
4 January 2019

കെഎസ്ആർടിസി ബസുകളെ കേരള- തമിഴ്നാട് അതിർത്തിയിൽ ഹർത്താൽ ആക്രമണത്തിൽനിന്നു സിനിമാ സ്റ്റൈലിൽ രക്ഷിച്ച കളിയിക്കാവിള എസ്ഐ മോഹന അയ്യർക്ക് എംഡി ടോമിൻ തച്ചങ്കരി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവും. കേരളത്തിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണത്തിൽ 100 കെഎസ്ആർടിസി ബസുകൾ തകർത്തപ്പോൾ കളിയിക്കാവിളയിൽ നെഞ്ചുവിരിച്ചുനിന്നു സമരക്കാരെ നേരിട്ടതിനാണു തമിഴ്നാട് എസ്ഐയ്ക്ക് സംസ്ഥാനം കടന്നുള്ള അപൂർവ ബഹുമതി.

തമിഴ്നാട്-കേരള അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ വച്ചായിരുന്നു സംഭവം. ഹര്‍ത്താലില്‍ പ്രശ്‌നമുണ്ടാക്കാനെത്തിയ ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകരോട് ഒറ്റക്കാണ് എസ്ഐ സംസാരിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ വണ്ടിയെ തൊട്ടു നോക്കെന്ന് വെല്ലുവിളിക്കുന്ന അദ്ദേഹം അക്രമാസക്തരായ ആ ജനക്കൂട്ടത്തെ വിറപ്പിച്ചു നിര്‍ത്തുന്നുണ്ട്.

വണ്ടിയെ തൊടുന്നോടാ എന്ന് ചോദിച്ച് കൈ ചൂണ്ടി അക്രമകാരികളോട് സംസാരിച്ചു തുടങ്ങുന്ന എസ്ഐയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വണ്ടി ഞങ്ങള്‍ തകര്‍ക്കും എന്ന ആള്‍ക്കൂട്ടത്തിന്റെ പ്രതികരണത്തിന് ‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം’ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നു. അദ്ദേഹമുള്‍പ്പെടെ വെറും മൂന്ന് പൊലീസുകാരെ മാത്രമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

എസ്ഐയുടെ വിരട്ടൽ ഭയന്ന് പ്രതിഷേധക്കാർ വാഹനങ്ങൾ കടത്തിവിടാൻ തയാറായി. ഇൗ ദൃശ്യം വൈറലായതോടെ ടോമിൻ തച്ചങ്കരി തന്റെ ബാച്ച്മേറ്റായ തമിഴ്നാട് എഡിജിപി ശൈലേന്ദ്ര ബാബുവിനെ വിളിച്ചു. അദ്ദേഹമാണ് എസ്ഐയുടെ നമ്പർ കൈമാറിയത്. തിരുനെൽവേലി സ്വദേശിയാണ് മോഹന അയ്യർ. കെഎസ്‍‌ആർടിസിയെ രക്ഷിച്ച മോഹന അയ്യർ‌ സമൂഹമാധ്യമങ്ങളിലും താരമായി.

പൊലീസ് ശക്തമായി രംഗത്തിറങ്ങിയാൽ ആർക്കും നിയമം ലംഘിക്കാനാകില്ല. ഞാനും ഏതാനും പൊലീസുകാരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ദേശീയപാതയിൽ ഏറ്റവും തിരക്കേറിയ സ്ഥലമാണു കളിയിക്കാവിള. അവിടെ ചെറിയൊരു ഗതാഗത തടസ്സമുണ്ടായാൽ പെട്ടെന്ന് വലിയ ഗതാഗതക്കുരുക്കായി മാറും.

അതുകൊണ്ടാണ് രണ്ടും കൽപിച്ച് രംഗത്തിറങ്ങി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. ദൃശ്യം അടക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നും ഏറെ അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ടെന്നു മോഹന അയ്യർ പറഞ്ഞു.