വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ അയല്‍വാസിയും സംഘവും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു • ഇ വാർത്ത | evartha
Crime

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ അയല്‍വാസിയും സംഘവും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ തട്ടിക്കൊണ്ടുപോയി മൂന്നംഗസംഘം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയെയാണ് അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടുപോയി ബലാല്‍സംഗത്തിന് ഇരയാക്കിയത്.

ചൊവ്വാഴ്ച രാവിലെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിറ്റേന്ന് വൈകുന്നേരം യുവതി വീട്ടിലെത്തിയതോടെ ബന്ധുക്കള്‍ പരാതി പിന്‍വലിച്ചു. ഇതിനുശേഷം വ്യാഴാഴ്ച സ്റ്റേഷനില്‍ എത്തിയ യുവതി താന്‍ പീഡനത്തിന് ഇരയായെന്ന് പരാതിപ്പെടുകയായിരുന്നു.

വീടിന് സമീപത്ത് നിന്ന് തട്ടികൊണ്ടുപോയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബലാത്സംഗശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അഗ്‌നിക്കിരയാക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

യുവതിയുടെ കൈകളിലും തലയിലും പൊള്ളലേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയതായും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അയല്‍ വാസിയായ യുവാവിനെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു