നിനക്ക് ബോറടിക്കുന്നില്ലേ; ‘മുട്ടി മുട്ടി’ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച പൂജാരയോട് നഥാന്‍ ലിയോണ്‍: വീഡിയോ

single-img
4 January 2019

2014ലെ ഓസീസ് പര്യടനത്തിനിടെ മോശം ഫോമിനെത്തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍നിന്നു തഴയപ്പെട്ട ആളാണ് ചേതേശ്വര്‍ പൂജാര. വിദേശ പിച്ചുകളില്‍ നിറംമങ്ങുന്നതും സ്‌കോറിങ്ങിലെ മെല്ലെപ്പോക്കുമാണ് പൂജാരയ്ക്ക് അന്നു വിനയായത്. എന്നാല്‍ മൂന്നു സെഞ്ചുറിയോടെ ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ തലയുര്‍ത്തിനില്‍ക്കുന്നത് ഇതേ പൂജാര തന്നെ.

‘റണ്‍ മെഷീന്‍’ വിരാട് കോഹ്‌ലിയെപ്പോലും പിന്തള്ളിയാണ് പൂജാര ഉജ്വല ഫോം തുടരുന്നത്. ബാറ്റിങ് ടെക്‌നിക്കില്‍ വരുത്തിയ പൊടിക്കൈയാണു പൂജാരയ്ക്കു തുണയായതെന്നാണു വിഗദ്ധരുടെ പക്ഷം. ഇന്ന് ഡബിള്‍ സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെയാണ് പൂജാര വീണത്.

ഇതിനിടെ പൂജാരയെ പുറത്താക്കാനുള്ള ഓസീസ് ബോളര്‍മാരുടെ എല്ലാ തന്ത്രവും പരാജയപ്പെട്ടിരുന്നു. കംഗാരുപ്പടയില്‍ പരമ്പരയിലുടനീളം തന്റെ പന്തുകള്‍ കൊണ്ട് ഇന്ത്യയെ കറക്കിയിട്ട നഥാന്‍ ലിയോണ്‍ പോലും പൂജാരയ്ക്ക് മുന്നില്‍ പലവട്ടം പരാജയപ്പെട്ടു.

പൂജാരയെ പുറത്താക്കാന്‍ ആവാത്തതിന്റെ എല്ലാ വിഷമവും നഥാന്‍ ലിയോണ്‍ വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ. ‘നിനക്ക് ബോറടിക്കുന്നില്ലേ’ എന്നു ലിയോണ്‍ ചോദിക്കുന്നതായി വീഡിയോയില്‍ കാണാം. കളിക്കിടെ പൂജാര നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തിയപ്പോഴായിരുന്നു ലിയോണ്‍ പൂജാരയോട് ഇങ്ങനെ ചോദിച്ചത്.

ഇന്നലത്തെ കളിക്കിടെയായിരുന്നു രസകരമായ ഈ രംഗം അരങ്ങേറിയത്. ഇന്നലെ കളി അവസാനിക്കുമ്പോള്‍ പൂജാര 130 റണ്‍സ് ആയിരുന്നു എടുത്തിരുന്നത്. പക്ഷെ ഇന്ന് പൂജാരയെ ലിയോണ്‍ തന്നെയാണ് പുറത്താക്കിയത്. 193 റണ്‍സെടുത്താണ് പൂജാര പുറത്തായത്.

https://vimeo.com/309238917