യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസവാർത്ത

single-img
3 January 2019


യുഎഇയിൽ തൊഴിൽ വീസ എടുക്കുന്നതിന് 3000 ദിർഹം ബാങ്ക് ഗാരന്റി (വീസ ഡെപ്പോസിറ്റ്) കെട്ടിവയ്ക്കണമെന്ന നിബന്ധനയിൽ ഇളവ്. പകരം വീസ ഫീസിനൊപ്പം 150 ദിർഹത്തിന്റെ ഇൻഷുറൻസ് എടുത്താൽ മതിയാകും.  കമ്പനി പൂട്ടുകയോ തൊഴിലുടമ ഒളിച്ചോടുകയോ മറ്റോ ചെയ്താൽ ശമ്പള കുടിശിക, സേവനാനന്തര ആനുകൂല്യം, അവധിക്കാല അലവൻസ്, ഓവർടൈം, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവ ഇൻഷുറൻസ് കമ്പനി നൽകും.

ജോലി സ്ഥലത്തുണ്ടാകുന്ന അപകടത്തിന് ചികിത്സാ സഹായം ഉൾപ്പെടെ 20,000 ദിർഹത്തിന്റെ പരിരക്ഷയാണ് തൊഴിലാളിക്ക് ലഭിക്കുക. എന്നാൽ ബാങ്ക് ഗാരന്റി അടയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. രണ്ട് മാർഗങ്ങളിൽ ഏതുവേണമെങ്കിലും സ്വീകരിക്കാം. എന്നാൽ പാർട്ണർമാരുടെ ഭാര്യ, മക്കൾ എന്നിവർക്ക്   യുഎഇ താമസ വീസ എടുക്കണമെങ്കിൽ ഓരോരുത്തർക്കും 3000 ദിർഹം വീതം കെട്ടിവയ്ക്കേണ്ടിവരും.


നേരത്തെ പുതുതായി തൊഴിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോഴാണ് സ്ഥാപന ഉടമ ബാങ്ക് ഗാരന്റി കെട്ടിവച്ചിരുന്നത്. തൊഴിലാളിയുടെ വീസ റദ്ദാക്കുമ്പോൾ ഈ തുക കമ്പനിക്ക് തിരിച്ചു നൽകുകയോ പുതിയ തൊഴിൽ വീസയെടുക്കുമ്പോൾ ഗാരന്റി തുക അതിലേക്കു മാറ്റുകയോ ആയിരുന്നു പതിവ്. അതേസമയം നിലവിലുള്ള ജീവനക്കാരുടെ വീസ പുതുക്കുന്ന സമയത്ത് ഇൻഷുറൻസ് തുക അടച്ചാൽ നേരത്തെ കെട്ടിവച്ച ബാങ്ക് ഗാരന്റി വീണ്ടെടുക്കാം.