സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്

single-img
3 January 2019

ശബരിമല സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു . വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. ഹർത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ ശബരിമലയിൽ യുവതീപ്രവേശമുണ്ടായാൽ സംസ്ഥാനത്ത് വ്യാപകമായ അക്രമമുണ്ടാവുമെന്ന് സംസ്ഥാന ഇന്റലിജൻറ്സ് സർക്കാറിന് റിപ്പോർട്ട് നൽകി. യുവതീപ്രവേശം സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അടുത്ത രണ്ടു ദിവസങ്ങളിൽ അക്രമം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

രണ്ടുയുവതികൾ ശബരിമലയിൽ പ്രവേശിച്ച സാഹചര്യത്തിൽ കൂടുതൽ യുവതികൾ ശബരിമല സന്ദർശനത്തിന് തയ്യാറാകാനുള്ള സാധ്യതകളും ഇന്റലിജന്റ്‌സ് വിഭാഗം തള്ളിക്കളയുന്നില്ല. സംസ്ഥാനത്തിന് പുറത്തുനിന്നും ഇത്തരത്തിലുള്ള സംഘം ഈ തീർത്ഥാടനകാലത്തുതന്നെ എത്തിയേക്കാമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി അക്രമമുണ്ടാവുമെന്ന മുന്നറിയിപ്പാണ് ഇന്റലിജന്റ്‌സ് നൽകിയത്. ശബരിമലയിൽ സ്ത്രീപ്രവേശമുണ്ടായാൽ ഹർത്താൽ ഉണ്ടാകുമെന്നും അത് അക്രമങ്ങളിൽ കലാശിക്കുമെന്നുമാണ് ചൂണ്ടിക്കാട്ടിയത്. ചിലയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷമുണ്ടാവുമെന്നും പറയുന്നു.