തിരുവനന്തപുരത്തും പാലക്കാട്ടും തെരുവുയുദ്ധം; സെക്രട്ടേറിയറ്റിനു മുന്നില്‍ സിപിഎം ബിജെപി സംഘര്‍ഷം: മറ്റിടങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുന്നു

single-img
2 January 2019

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടത്തും തെരുവുയുദ്ധം. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, തിരുവല്ല, മാവേലിക്കര, പാലക്കാട് തുടങ്ങി വിവിധ ഇടങ്ങളില്‍ സംഘര്‍ഷം അക്രമത്തിലേക്കടക്കം വഴിമാറുന്ന കാഴ്ചയാണ്.

സെക്രട്ടേറിയറ്റിനു മുന്നില്‍ സിപിഎം–ബിജെപി സംഘര്‍ഷം തുടരുകയാണ്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറ് നടത്തി. ഫ്‌ലക്‌സുകളും ബാനറുകളും തകര്‍ത്തു. പൊലീസ് ഇടപെട്ട് ശാന്തരാക്കാന്‍ ശ്രമം തുടരുകയാണ്. ഇവിടെ നൂറിലേറെ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റശ്രങ്ങളും നടന്നു. മാതൃഭൂമി സംഘത്തിന്റെ കാമറ തകര്‍ത്തു. സെക്രട്ടറിയേറ്റ് പരിസരത്തേക്ക് പ്രവേശിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ശരണംവിളിച്ച് പ്രതിഷേധിച്ചു. പ്രാദേശികമായി ചിലയിടങ്ങളില്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുന്നത് ശബരിമല തീര്‍ഥാടകരെയും ബാധിച്ചു. പാലക്കാട് കൊടുവായൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ചിറ്റൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോയ ബസിന് നേരെയാണ് കല്ലേറുണ്ടായത്.

പത്തനംതിട്ടയിലും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാന്നിയില്‍ ശബരിമല കര്‍മ്മസമിതിയുടെ റോഡ് ഉപരോധം നടന്നു. ഏഴംകുളത്ത് റോഡ് ഉപരോധിച്ച കര്‍മ്മസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് ഏറ്റവുമധികം അക്രമങ്ങള്‍ ഉണ്ടായത്.

കാട്ടാക്കട, നെടുമങ്ങാട്, പൂജപ്പുര, വിളപ്പില്‍ശാല, പേയാട് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറി. വെള്ളനാട് സിപിഎം ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. ആലപ്പുഴയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചിയില്‍ ഇടപ്പള്ളിയില്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്.

കൊല്ലം ജില്ലയില്‍ പരവൂര്‍, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളില്‍ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് കട അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു.