നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഇഷാന്തിന് പകരം ഉമേഷ് യാദവ്, അശ്വിനും കെ.എല്‍ രാഹുലും കുല്‍ദീപും ടീമില്‍

single-img
2 January 2019

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി. ഇഷാന്ത് ശര്‍മ്മക്ക് പകരം ഉമേഷ് യാദവ് ടീമില്‍ ഇടം നേടി. രോഹിത് ശര്‍മ്മയില്ലാത്തതിനാല്‍ കെ.എല്‍ രാഹുലും ടീമിലെത്തി.

അശ്വിന്‍ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ടീം വക്താവ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹത്തെയും 13 അംഗ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അശ്വിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം മല്‍സരം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പു മാത്രമേ കൈക്കൊള്ളൂ എന്നു പ്രത്യേകം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ച അച്ഛനായ രോഹിത് മകളെ കാണാനായി മുംബൈയിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം ഏകദിനത്തിന് മാത്രമേ രോഹിത് തിരിച്ചെത്തുകയുള്ളൂ. ഇതോടെ കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ മാറ്റം വരുത്താന്‍ കോലി നിര്‍ബന്ധിതനാകുകയായിരുന്നു.

ഈ പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇഷാന്ത് പുറത്തെടുത്തത്. മൂന്ന് ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഉമേഷ് യാദവിന് വേണ്ടി നാലാം ടെസ്റ്റില്‍ നിന്ന് വഴി മാറികൊടുക്കേണ്ടി വരികയായിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

പരുക്കുമാറി ടീമിനൊപ്പം ചേര്‍ന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിലെത്തുമെന്ന അഭ്യൂഹം കുറച്ചുദിവസമായി സജീവമായിരുന്നെങ്കിലും അതും വെറുതെയായി. അതിനിടെ, ആദ്യ രണ്ടു ടെസ്റ്റുകളിലും തീര്‍ത്തും മോശം പ്രകടത്തിലൂടെ ആരാധകരുടെ കണ്ണിലെ കരടായി മാറിയ ഓപ്പണര്‍ ലോകേഷ് രാഹുലും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത് അപ്രതീക്ഷിതമായി.

മൂന്നാം ടെസ്റ്റിനുള്ള ടീമില്‍നിന്ന് പുറത്തായതോടെ രാഹുലിന് ‘യാത്രയയപ്പ്’ നല്‍കിയ ആരാധകരെ ഞെട്ടിച്ചാണ് താരം സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ അന്തിമ ഇലവനിലും ഇടം പിടിക്കാനാണ് സാധ്യത.

ഇന്ത്യയുടെ 13 അംഗ സാധ്യതാ ടീം: ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണി മുതലാണ് ടെസ്റ്റ് തുടങ്ങുക.