യുവതി പ്രവേശനം: ശുദ്ധികലശത്തിന് ശേഷം ശബരിമല നട തുറന്നു

single-img
2 January 2019

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ ക്ഷേത്ര നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തി. ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ക്കുശേഷം നട തുറന്നു. അരമണിക്കൂറിനുശേഷം നെയ്യഭിഷേകം ആരംഭിക്കും. തുടര്‍ന്ന് മറ്റു പൂജകള്‍ നടത്തും. അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റിയാണ് ശുദ്ധിക്രിയകള്‍ നടത്തിയത്.

അതേസമയം, ശബരിമലയില്‍ യുവതി പ്രവേശത്തെ തുടര്‍ന്ന് തന്ത്രി നടയടച്ചത് ദേവസ്വം ബോര്‍ഡിനോട് ചോദിച്ചിട്ടല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. യുവതികള്‍ കയറിയത് ബോര്‍ഡ് അറിഞ്ഞിരുന്നില്ല. രാഷ്ട്രീയമായി വിഷയങ്ങളെ കാണാന്‍ കഴിയില്ല.

തന്ത്രി വിളിച്ചിരുന്നു. ശുദ്ധിക്രിയകള്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ നടയടച്ചത് ദേവസ്വം ബോര്‍ഡുമായി ആലോചിച്ചിട്ടല്ല. ഇനി എന്താണ് വേണ്ടതെന്ന് മെമ്പര്‍മാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പദ്മകുമാര്‍ വ്യക്തമാക്കി.

അതിനിടെ, സര്‍ക്കാറിന്റെ തീരുമാനപ്രകാരമല്ല ശബരിമലയിലേക്ക് യുവതികളെത്തിയതെന്ന് മന്ത്രി എ കെ ബാലന്‍. നടയടച്ചത് കോടതിയലക്ഷ്യം ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്നും എ.കെ ബാലന്‍ വ്യക്തമാക്കി. ശബരിമലയിലേക്ക് യുവതികള്‍ എത്തണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ തടയാന്‍ സര്‍ക്കാരിന് കഴിയില്ല. സംരക്ഷണം ആവശ്യപ്പെട്ടാല്‍ അത് ഒരുക്കുക തന്നെ ചെയ്യുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.