യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ചു; സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റുന്നു

single-img
2 January 2019

യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ശബരിമല നട അടച്ചു. സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി. തന്ത്രിയുടെ നിര്‍ദേശ പ്രകാരം മേല്‍ശാന്തിയാണ് നടയടച്ചത്. നടയടച്ച് ശുദ്ധി ക്രിയക്കുള്ള നടപടി തുടങ്ങി.

ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ക്കുശേഷമേ ഇനി ദര്‍ശനം അനുവദിക്കുകയുള്ളൂ. അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നട അടച്ച കാര്യം തന്ത്രി ഫോണിലൂടെ അറിയിച്ചെന്ന് ദേവസ്വം പ്രസിഡന്റ് പ്രതികരിച്ചു.

ഇന്നു പുലര്‍ച്ചെ 3.48നാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയത്. ഇവര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വീഡിയോയും പുറത്തുവന്നിരുന്നു. ഡിസംബര്‍ 24നും ഇവര്‍ മല കയറാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്നു തിരിച്ചിറങ്ങുകയായിരുന്നു.

ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിമിതമായ തോതില്‍ പൊലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന.

രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു മല കയറിയ ഇവര്‍ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടന്‍ തന്നെ ദര്‍ശനം നടത്തിയെന്നാണു കരുതുന്നത്. മഫ്തിയിലാണ് പൊലീസ് ഇവരെ പിന്തുടര്‍ന്നത്. ബിന്ദുവും കനകദുര്‍ഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്.

പമ്പ വഴി സന്നിധാനത്തെത്തിയ ഇവര്‍ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി 3.48ന് ദര്‍ശനം നടത്തി ഉടന്‍ മടങ്ങി. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ യുവതികള്‍ പത്തനംതിട്ടയിലെ സുരക്ഷിതകേന്ദ്രത്തിലാണെന്നാണു സൂചന.