ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയത് മുഖം മറച്ച്; കയറിയത് സ്റ്റാഫ് ഗേറ്റ് വഴി: എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ദേവസ്വം ബോര്‍ഡ്; യുവതീദര്‍ശനം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി

single-img
2 January 2019

ശബരിമലയിലെ യുവതീദര്‍ശനം സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. സന്നിധാനത്ത് ദേവസ്വംബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസറും കമ്മീഷണറും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തന്ത്രി ഇക്കാര്യം പറഞ്ഞത്.

പത്തുമിനിറ്റ് നേരം നീണ്ടുനിന്ന പ്രാഥമിക ചര്‍ച്ചയ്ക്കു ശേഷം പുറത്തെത്തിയാണ് മാധ്യമങ്ങളോടായി തന്ത്രി പ്രതികരിച്ചത്. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ വ്യക്തതവരുത്തട്ടെയെന്നാണ് തന്ത്രിയുടെ നിലപാടെന്നാണ് അറിയാന്‍ കഴിയുന്നത്. യവതീദര്‍ശനം നടന്നതായി സ്ഥിരീകരിച്ചാല്‍ നട അടയ്ക്കുന്ന നടപടിയിലേക്കുവരെ തന്ത്രി നീങ്ങിയേക്കുമെന്നാണ് അറിയുന്നത്.

അതിനിടെ യുവതീ ദര്‍ശനം സംബന്ധച്ച് സ്ഥിരീകരണം ഉണ്ടായിട്ട് പ്രതികരിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. മാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച് താന്‍ അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്.
പരിശോധിച്ചിട്ട് അഭിപ്രായം പറയാം. യുവതീപ്രവേശം സംബന്ധിച്ച് സന്നിധാനത്തെ പോലീസിനോ ശബരിമല ഉദ്യോഗസ്ഥര്‍ക്കോ അറിവുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പദ്മകുമാര്‍ പറഞ്ഞു.

അതേസമയം, ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്റ്റാഫ് ഗേറ്റ് വഴി. ഇരുമുടി കെട്ടുണ്ടായിട്ടും സ്റ്റാഫ് ഗേറ്റ് വഴിയാണ് പൊലീസ് യുവതികളെ ദര്‍ശനത്തിനെത്തിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്.

പമ്പയില്‍ എത്തിയതിന് ശേഷമാണ് പൊലീസിനോടെ സഹായം ആവശ്യപ്പെട്ടതെന്നാണ് യുവതികള്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് സുരക്ഷയോടെ മലകയറിയ ബിന്ദുവും കനകദുര്‍ഗയും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്റ്റാഫ് ഗേറ്റ് വഴി സോപാനത്തെത്തി ദര്‍ശനം നടത്തി. മഫ്ടിയിലാണ് പൊലീസ് ഇവര്‍ക്ക് അകമ്പടി ഒരുക്കിയത്.

പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു.

എന്നാല്‍ അതീവ സുരക്ഷയിലാണ് യുവതികളെ ശബരിമലയില്‍ പൊലീസ് എത്തിച്ചതെന്നാണ് വിവരം. ഇന്നലെ മാധ്യമശ്രദ്ധ വനിതാ മതിലില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതിനിടെയില്‍ അതീവരഹസ്യമായാണ് യുവതികളെ പൊലീസ് ശബരിമലയില്‍ എത്തിച്ചത്.

ഇന്നലെ രാത്രി മുതല്‍ സ്ത്രീകള്‍ ദര്‍ശനത്തിനെത്തുമെന്ന സുചനയുണ്ടായിരുന്നു. എന്നാല്‍ പമ്പയിലെ പൊലീസ് ഇത് നിഷേധിച്ചിരുന്നു. സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്നും പമ്പ പൊലീസ് അറിയിച്ചിരുന്നു. 96000 പേരാണ് ഇന്നലെ മാത്രം ശബരിദര്‍ശനം നടത്തിയതെന്നാണ് ഔദ്ധ്യോഗിക കണക്ക്.

വിഐപികള്‍ക്ക് മാത്രം ഉപയോഗിക്കുന്ന വഴിയിലൂടെ അതീവ രഹസ്യമായിട്ടാണ് പൊലീസ് യുവതികളെ പമ്പയിലെത്തിച്ചത്. ഇവിടെ നിന്ന് യുവതികളെ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ രഹസ്യമായിട്ടാണ് സന്നിധാനത്തെത്തിച്ചത്. കനകദുര്‍ഗയെ കുറിച്ച് വിവരമൊന്നുമില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള വാര്‍ത്തമാത്രമേ അറിയൂവെന്ന് കനകദുര്‍ഗ്ഗയുടെ സഹോദരന്‍ ഭരതന്‍ പറഞ്ഞു.

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്