മീ ടൂവില്‍ ബോളിവുഡ് താരം റാണി മുഖര്‍ജി ‘വെട്ടിലായി’

single-img
2 January 2019

മീടൂ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് വിനയായി. സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. മീടു മൂവ്‌മെന്റിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സ്വയം പര്യാപ്തരാകണമെന്നായിരുന്നു റാണി മുഖര്‍ജിയുടെ കമന്റ്.

നിങ്ങള്‍ ശക്തരാണെന്നുള്ള വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരെ വരുന്ന മോശം സാഹചര്യങ്ങളോട് നോ പറയാന്‍ സാധിക്കും. ആക്രമണങ്ങളില്‍ നിന്ന് സ്വയം ചെറുത്ത് നില്‍ക്കാനുളള കഴിവ് സ്ത്രീകള്‍ക്കുണ്ടെന്ന് ആദ്യം മനസ്സിലാക്കുകയാണ് വേണ്ടത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ പെണ്‍കുട്ടികള്‍ ആയോധനകല സ്വയം അഭ്യസിക്കണം. ആക്രമണങ്ങളില്‍ നിന്നുമുളള സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും താരം പറഞ്ഞു. ദീപിക പദുക്കോണും അനുഷ്‌ക ശര്‍മയും അലിയ ഭട്ടും തബുവും തപ്‌സി പന്നുവും പങ്കെടുത്ത ചാനല്‍ പരിപാടിയിലാണ് റാണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്നാല്‍ ദീപിക അപ്പോള്‍ത്തന്നെ എതിര്‍പ്പുന്നയിച്ചു. എല്ലാ സ്ത്രീകള്‍ക്കും അതിനു ശേഷിയില്ലെന്നും അവര്‍ പറഞ്ഞു. റാണി നിലപാട് ആവര്‍ത്തിച്ചതോടെ അനുഷ്‌ക ദീപികയെ പിന്തുണച്ചെത്തി. പുരുഷന്മാരാണ് മാറേണ്ടതെന്ന് ഇരുവരും വാദിച്ചു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ റാണിയെ പരിഹസിച്ച് ട്രോളുകള്‍ നിറയുകയാണ്.