റഫാല്‍ ഇടപാടില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റില്‍ കേള്‍പ്പിക്കാന്‍ തയ്യാറാകാതെ സ്പീക്കര്‍; മോദി സഭയിലെത്തിയില്ല

single-img
2 January 2019

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബിജെപിക്കെതിരെ ഓഡിയോ ടേപ്പുമായി കോണ്‍ഗ്രസ്. റഫാലുമായി ബന്ധപ്പെട്ട് ഗോവന്‍ മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ശബ്ദ സന്ദേശം പുറത്തുവിട്ടാണ് കോണ്‍ഗ്രസ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

റഫാലുമായി ബന്ധപ്പെട്ട അതിപ്രധാന രേഖകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ കിടപ്പുമുറിയില്‍ ഉണ്ടെന്ന് മന്ത്രി വിശ്വജിത് റാണെ പറയുന്നതാണ് ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

റഫാല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. പിന്നീട് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കര്‍ ഇപ്പോള്‍ അസുഖ ബാധിതനായി ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ റഫാലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ തന്റെ ഫഌറ്റിലാണെന്നും അതിനാല്‍ തന്നെ ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയില്ലെന്നും പരീക്കര്‍ പറഞ്ഞാതായാണ് കോണ്‍ഗ്രസ് ആരോപണം. ഇക്കാര്യം ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ മറ്റൊരാളോട് വെളിപ്പെടുത്തുന്നതായ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, ഈ ശബ്ദരേഖ സഭയില്‍ കേള്‍പ്പിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ
അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റൊരു ഇരിപ്പിടത്തിലേക്ക് മാറി സംസാരിക്കാന്‍ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു.

അണ്ണാ ഡിഎംകെ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 126ല്‍ നിന്ന് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ്? എന്തിന് പ്രധാനമന്ത്രി വില കൂട്ടി റഫാല്‍ വാങ്ങി? ഫ്രഞ്ച് മുന്‍ പ്രസിഡന്റ്് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഇത് സംബന്ധിച്ച് മനോഹര്‍ പരീക്കറിന്റെ കയ്യില്‍ നിരവധി ഫയലുകളുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ പോക്കറ്റില്‍ പണം ഇട്ടുകൊടുക്കുകയിരുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യം സംശയിക്കുന്നത് പ്രധാനമന്ത്രിയെ തന്നെയാണ്. എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിക്ക് എന്തിന് കരാര്‍ നല്‍കി എന്ന് മോദി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സംസാരത്തിനിടെ രാഹുല്‍ അനില്‍ അംബാനിയുടെ പേര് പരാമര്‍ശിക്കുന്നതിനെ സ്പീക്കര്‍ സുമിത്ര മഹാജന്‍ വിലക്കി. സ്പീക്കറുടെ നിര്‍ദ്ദേശത്തില്‍ ആശ്ചര്യപ്പെട്ട രാഹുല്‍ ഗാന്ധി ‘എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാനാവില്ലേ..?’ എന്ന് മറുചോദ്യം ഉന്നയിച്ചു.

എന്നാല്‍ പേര് പരാമര്‍ശിച്ചാല്‍ അത് നിയമവിരുദ്ധമാകുമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ”മാഡം, എങ്കില്‍ ഞാന്‍ അദ്ദേഹത്തെ ഡബിള്‍ എ (AA) എന്ന് വിളിച്ചോട്ടെ..?” രാഹുല്‍ ചോദിച്ചു. അംബാനിയുടെ പേര് പറയുന്നതിനെ ഭരണപക്ഷവും എതിര്‍ത്തതോടെ, അംബാനി ബി.ജെ.പി മെമ്പര്‍ ആണോ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.

തുടര്‍ന്ന് പ്രസംഗത്തിലുടനീളം രാഹുല്‍ അംബാനിയെ ‘ഡബിള്‍ എ’ എന്നായിരുന്നു അഭിസംബോധന ചെയ്തത്. ഇടക്ക് അനില്‍ അംബാനി എന്ന് പരാമര്‍ശിച്ചിടത്തെല്ലാം ഉടന്‍ അത് ഡബിള്‍ എ എന്ന് തിരുത്തിപ്പറയുകയും ചെയ്തു.

അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു രാഹുലിന്റെ ആരോപണങ്ങളെ പ്രധാനമായും പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ഗോവമന്ത്രിയുടേതെന്ന പേരിലുള്ള സംഭാഷണം കോണ്‍ഗ്രസ് നിര്‍മ്മിച്ചതാണെന്ന് ജയ്റ്റ്‌ലി ആരോപിച്ചു. പാര്‍ട്ടിക്ക് പണം നല്‍കാത്തത് കൊണ്ടാണ് ആന്റണി റഫാല്‍ കരാര്‍ ഉപേക്ഷിച്ചതെന്നായിരുന്നു ജയ്റ്റ്‌ലിയുടെ പ്രധാന ആരോപണം.

ബോഫോഴ്‌സ്, നാഷണല്‍ ഹെറാള്‍ഡ്, ആഗസ്റ്റ ഇടപാടുകളുടെ ഗൂഡാലോചന നടത്തിയത് ഗാന്ധി കുടുംബമാണെന്നും ജയ്റ്റ്‌ലി ആരോപിച്ചു. കളവായതു കൊണ്ടാണ് രാഹുല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. തുടര്‍ന്ന് ജയ്റ്റ്‌ലിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം രൂക്ഷമാക്കി. പിന്നീട് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

എന്നാല്‍ ഇതേസമയം കോണ്‍ഗ്രസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സഭയിലെ ചര്‍ച്ചയ്ക്ക് പങ്കെടുക്കാന്‍ എത്തിയില്ല. പ്രധാനമന്ത്രി മുറിയില്‍ ഒളിച്ചിരിക്കുന്നുവെന്ന ആരോപണവുമായി രാഹുല്‍ രംഗത്ത് എത്തി.