പോലീസ് ചെയ്തത് പ്രധാനമന്ത്രിയുടെ മുഖത്തടിക്കുന്നതിന് തുല്യമെന്ന് രാഹുല്‍ ഈശ്വര്‍

single-img
2 January 2019

ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം ശബരിമലയെ പിന്തുണച്ച അവസരത്തില്‍ യുവതികളെ കയറാന്‍ പോലീസ് സഹായിച്ചത് ശരിയായില്ലെന്ന് അയ്യപ്പ ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വര്‍. പൊലീസിന്റെ ഈ നാടകം ദൗര്‍ഭാഗ്യകരമാണെന്നും, യുവതികളെ സഹായിച്ചത് ശരിയല്ലെന്നും ഈ വിഷയത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ വിശദമാക്കി.

‘ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയടക്കം ശബരിമലയെ പിന്തുണച്ചു കൊണ്ടും ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിരീക്ഷണത്തെ പിന്തുണച്ചു കൊണ്ടും ഇന്നലെ നിലപാട് അറിയിച്ചിരുന്നു. രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നിലപാടറിയിച്ച വിഷയത്തില്‍ ഒരു കാരണവശാലും പോലീസ് സഹായിച്ചത് ശരിയായില്ല.

യുവതീ പ്രവേശനം കേരള സര്‍ക്കാര്‍ കൂട്ടു നിന്ന നാടകമാണെങ്കില്‍ ദൗര്‍ഭാഗ്യകരമായി. ദേവപ്രശ്‌നം നടത്തണം’, രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇവര്‍ രഹസ്യമായി വന്നതുകൊണ്ടാണ് ഭക്തര്‍ക്കും പ്രതിഷേധക്കാര്‍ക്കും അവരെ തടയാന്‍ കഴിയാത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതീവ രഹസ്യമായാണ് യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. പതിനെട്ടാംപടി ചവിട്ടാതെ വി.ഐ.പി ലോഞ്ച് വഴിയാണ് തങ്ങളെ പൊലീസ് ദര്‍ശനത്തിനെത്തിച്ചതെന്ന് ബിന്ദുവും കനക ദുര്‍ഗയും പറഞ്ഞു. എങ്ങനെയും പമ്പയില്‍ എത്തിയാല്‍ ദര്‍ശനം സാധ്യമാക്കാമെന്ന് പൊലീസ് തങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതനുസരിച്ച് പുലര്‍ച്ചെയാണ് എത്തിയത്.

‘പിന്തിരിപ്പിക്കാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഭക്തരില്‍ ചിലര്‍ തിരിച്ചറിഞ്ഞിരുന്നു. സ്ത്രീകള്‍ കയറുന്നുണ്ടെന്ന് അവര്‍ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധമൊന്നും തന്നെ ഉണ്ടായില്ല. പൂര്‍ണ സുരക്ഷ പൊലീസ് ഒരുക്കിയിരുന്നെന്നും ബിന്ദു പറഞ്ഞു.