Latest News

ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് പലയിടത്തും സംഘര്‍ഷം; കടകള്‍ അടപ്പിക്കുന്നു; നാളെ എഎച്ച്പിയുടെ ജനകീയ ഹര്‍ത്താല്‍

ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പലയിടങ്ങളിലം കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്. അതിനിടെ, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം.

ശബരിമലയെ തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ഹിന്ദുവിശ്വാസികളോട് ചെയ്ത കൊലച്ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ പിന്‍ഗാമികള്‍പോലും അയ്യപ്പ ശാപത്തില്‍നിന്നും രക്ഷപെടില്ല. നിരീശ്വരവാദികളായ ഭരണകൂടത്തിന്റെ ചെയ്തികള്‍ വിശ്വാസികളുടെ നെഞ്ചില്‍ വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ മുറിവ് ഉണങ്ങില്ല. സിപിഎമ്മിന്റെ ഈ ചെയ്തികള്‍ വിനാശകാലെ വിപരീത ബുദ്ധി എന്നുമാത്രമാണ് പറയാനുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആധുനിക ഔറംഗസേബാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം കേരളത്തില്‍നിന്നും തൂത്തെറിയപ്പെടും. യുവതീ പ്രവേശത്തോടെ ബിജെപി പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ക്കു പിന്നാലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത വന്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമമുണ്ടായി. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. കൊച്ചിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്.

കൊട്ടാരക്കരയില്‍ ബിജെപി ആര്‍എസ്എസ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഒരാളെ ബസില്‍ കയറി തല്ലി. ഇതിന്റെ ചിത്രം പകര്‍ത്തിയ മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി. സനലിനു നേരെ കയ്യേറ്റമുണ്ടായി.

തൃശൂര്‍ ജില്ലയിലെ മാളയിലും കൊടുങ്ങല്ലൂരിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ആലപ്പുഴയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫിസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു.

ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടു പോയി. അതിനിടെ, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് കറന്തക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മംഗലാപുരം കാസര്‍കോട് ദേശീയപാതയാണ് ഉപരോധിച്ചത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂര്‍ ഇരിട്ടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി. ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാട്ടിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.