ഒടിയനാകാന്‍ മോഹന്‍ലാലിന്റെ ഒന്നരവര്‍ഷത്തെ തപസ്സ്; യൗവനത്തിലെ കൗശലതയും ചിരിയും വാര്‍ദ്ധക്യത്തിലെ ക്രൗര്യവും ഭാവങ്ങളില്‍ നടനമാടുന്ന ഒടിയന്‍ മാണിക്യന്‍

single-img
2 January 2019

കൊച്ചി: മലയാള സിനിമയില്‍ എന്നും കഥാപാത്രങ്ങളുടെ പൂര്‍ണതകൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് മോഹന്‍ലാല്‍. കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രേവേശത്തെ വിസ്മയത്തോടുകൂടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ലാല്‍ ഭാവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒടിയന്‍ മാണിക്യനും എന്നുമുണ്ടാകും.

മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ അര്‍പ്പണബോധത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഒടിയന്‍ മാണിക്യന്‍. ഒടിയന്‍ മാണിക്യന്‍ പലപ്പോഴും രണ്ട് വ്യക്തികളായി പ്രേക്ഷകര്‍ക്ക് തോന്നുന്നു എന്നത് തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയം എന്ന് പ്രമുഖ സംവിധായകന്‍ ആര്‍ സുകുമാരന്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല.

കാരണം മുപ്പതുകാരനായും അറുപതുകാരനായും മോഹന്‍ലാല്‍ തികച്ചും വ്യത്യസ്തനായിതന്നെ സ്‌ക്രീനില്‍ പകര്‍ന്നാടുകയായിരുന്നു. ഒരു നടന്‍ അയാളുടെ പൂര്‍ണതയിലേക്ക് എത്തുന്നത് ഇത്തരം വെല്ലുവിളികള്‍ നിറഞ്ഞ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച വേഷംതന്നെയാണ് ഒടിയന്‍ മാണിക്യന്‍.

നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചകള്‍ക്കും മോഹന്‍ലാല്‍ തയ്യാറാണ്, മലയാളസിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാകും. ഒടിയന്‍ മാണിക്യനെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ പരകാശപ്രവേശം നടത്താന്‍ തയ്യാറായിരുന്നു. ഒന്നരവര്‍ഷമാണ് അദ്ദേഹം മാണിക്യനായി മാറ്റിവെച്ചത്.

സാധാരണ ഏഴ് സിനിമകള്‍ക്ക് വേണ്ട സമയം. യൗവ്വനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള ഒടിയന്‍ മാണിക്യന്റെ പലരൂപങ്ങളിലും ഭാവങ്ങളിലും മോഹന്‍ലാല്‍ എത്തുന്നത് ആരാധകരെ മാത്രമല്ല അഭിനയ കലയെ സ്‌നേഹിക്കുന്നവരെയെല്ലാം വിസ്മയപ്പെടുത്തുന്നു.

മാണിക്യന്റെ യൗവനം ആടിത്തിമിര്‍ക്കാന്‍ പതിനൊന്ന് കിലോയോളം ഭാരമാണ് ഒരു മാസം കൊണ്ട് താരം കുറച്ചത്. മാണിക്യന് വേണ്ടി പട്ടിണികിടക്കാനും തയ്യാറാണെന്ന് പറഞ്ഞ മോഹന്‍ലാല്‍, പാമ്പ് പടം പൊഴിക്കും പോലെ തന്റെ ശരീരത്തിലെ ദുര്‍മേദസുകള്‍ ഇല്ലാതാക്കി. യുവാവായി എത്തിയ മോഹന്‍ലാലിന്റെ ഫോട്ടോകള്‍ വൈറലായത് വിമര്‍ശകര്‍ പോലും വായടച്ചു.

ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും ഡയറ്റീഷ്യന്‍മാരും മറ്റുമാണ് മോഹന്‍ലാലിനെ യുവാവാക്കാന്‍ ചുക്കാന്‍ പിടിച്ചത്. അന്താരാഷ്ട്ര കായിക താരങ്ങളേയും ഹോളിവുഡ് താരങ്ങളേയും പരിശീലിപ്പിക്കുന്ന സംഘമാണിത്.

യൗവനത്തിലെ മാണിക്യന് മീഴയില്ല, അയാള്‍ അതീവസുന്ദരനാണ്. തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റാനറിയാവുന്ന, ഉള്ളിന്റെ ഉള്ളില്‍ സ്‌നേഹം ഒളിപ്പിച്ചു വെച്ചിരിക്കുന്ന യുവാവായ മാണിക്യന്‍ അതുകൊണ്ടാണ് കുടുംബപ്രേക്ഷകരുടെ പ്രയങ്കരായത്് . വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്ന മാണിക്യന്റെ കണ്ണുകളില്‍ കൗശലവും ചിരിയും മിന്നിമറയുന്നു… മോഹന്‍ലാലിന് മാത്രം സാധ്യമാകുന്ന മാജിക്. ഇത് തന്നെയാണ് ഒടിയന്‍ മാണിക്യന്‍ എന്ന സൂപ്പര്‍ഹീറോയുടെ ആകര്‍ഷണവും.

മോഹന്‍ലാലിനൊപ്പം പ്രകാശ് രാജും മഞ്ജുവാര്യരും സിദ്ധിഖും എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇവരുടെ മത്സരിച്ചുള്ള അഭിനയവും ആസ്വദിക്കാനാവും. അത് സിനിമയില്‍ അപൂര്‍വ്വം സംഭവിക്കുന്നൊരു പ്രതിഭാസമാണ്. സമൂഹമാധ്യമങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പാടാക്കി ആക്രമിച്ചാല്‍ തകരുന്നതല്ല നല്ല സിനിമയെന്ന് അടിവരയിടുന്നതാണ് മൂന്നാംവാരത്തിലും നിറഞ്ഞ സദസ്സില്‍ മുന്നേറുന്ന ഒടിയന്റെ മിന്നുന്ന വിജയം.