വനിതാമതിലിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം; ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കുടുങ്ങും

single-img
2 January 2019

വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. അംഗടിമുഗര്‍ സ്വദേശികളായ ഹൗവ്വാബി, സരസ്വതി തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. കാസര്‍ക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇരുവരുടെയും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മാംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കല്ലേറില്‍ തലക്കും മൂക്കിനും പരിക്കേറ്റ ഇരുവരുടെയും രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല.

അതിനിടെ, കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാമതിലിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുന്നൂറ് ആര്‍ എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പൊലീസ് വാഹനങ്ങള്‍ തകര്‍ത്തതിനും പൊലീസുകാരെയും സിപിഎം പ്രവര്‍ത്തകരെയും ആക്രമിച്ചതിനുമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ഗ്രനേഡിന് പുറമെ അഞ്ച് റൗണ്ട് വെടിവച്ചാണ് അക്രമകാരികളെ പൊലീസ് തുരുത്തിയത്.

മൂന്നര മണിക്കൂര്‍ നേരമാണ് ചേറ്റുകുണ്ട് യുദ്ധക്കളമായത്. വനിത മതില്‍ തകര്‍ക്കാനുള്ള ശ്രമം തുടക്കത്തില്‍ തന്നെ ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. റെയില്‍ പാളത്തിലെ പുല്ലുകള്‍ക്കും വയലിലെ ഉണങ്ങിയ പുല്ലുകള്‍ക്കും പെട്രോള്‍ ഒഴിച്ചു തീയിട്ടാണ് ആദ്യം പരിഭ്രാന്തി പരത്തിയത്.

തുടര്‍ന്ന് കല്ലെറിഞ്ഞു. ഇതോടെ പൊലീസും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നു വനിതകളെ പൊലീസ് വാഹനത്തില്‍ രക്ഷപ്പെടുത്താന്‍ തുടങ്ങി. പിന്നീട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. പൊലീസ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും വീടുകളും തകര്‍ത്തു. പെട്ടിക്കടകള്‍ക്കും ഹോട്ടലുകള്‍ക്കും തീയിട്ടു. ഇതോടെ പൊലീസ് ഗ്രനേഡും ടിയര്‍ ഗ്യാസുമെറിഞ്ഞു.

എന്നിട്ടും നിയന്ത്രിക്കാനാവാതെ വന്നതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി നാല് റൗണ്ടും കാസര്‍കോട് എസ്പി ഒരു റൗണ്ടും ആകാശത്തേക്ക് വെടിവച്ചു. വനിതാ മതിലിനെത്തിയ 9 പേര്‍ക്കും എസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനും പരുക്കേറ്റു.