ഹര്‍ത്താല്‍: നാളത്തെ പരീക്ഷകള്‍ മാറ്റി

single-img
2 January 2019

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനെ തുടര്‍ന്ന് നാളെ നടക്കേണ്ട ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കണ്ടറി അര്‍ധ വാര്‍ഷിക പരീക്ഷ നാലാം തീയതിയിലേക്ക് മാറ്റിവെച്ചതായി ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയും കേരള സര്‍വകലാശാലയുംനാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

അതേസമയം, ശബരിമല കര്‍മ്മസമിതി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ തലങ്ങളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹര്‍ത്താല്‍ പ്രമാണിച്ച് വ്യാഴാഴ്ച കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടത്താനിരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ യോഗം മാറ്റിവെച്ചതായി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം അറിയിച്ചു