ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും; പൊലീസ് സംരക്ഷണം നല്‍കി

single-img
2 January 2019

ശബരിമലയില്‍ യുവതീ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിരീകരണം. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയെന്നത് വസ്തുതയാണ്.

കഴിഞ്ഞ തവണ എത്തിയപ്പോള്‍ അവര്‍ക്ക് എതിര്‍പ്പ് ഉണ്ടായി. ഇത്തവണ തടസം ഉണ്ടായില്ല. അതിനാല്‍ അവര്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹം സ്ഥിരീകരണം നല്‍കിയത്. യുവതികളെത്തിയത് സര്‍ക്കാര്‍ തീരുമാനപ്രകാരമല്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. രഹസ്യാനേഷണ വിഭാഗവും യുവതിപ്രവേശം ശരിവച്ചു രംഗത്തെത്തി.

അതേസമയം ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കറുപ്പ് വസ്ത്രവും ഇരുമുടിക്കെട്ടുമായി യുവതികള്‍ സന്നിധാനത്ത് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങള്‍ക്കുള്ള സാധാരണവരിയില്‍ അല്ലാതെ സ്റ്റാഫ് ഗേറ്റ് വഴി നടയിലെത്തി തൊഴുതു മടങ്ങിയതായി ബിന്ദു പറഞ്ഞു. പൊലീസ് സുരക്ഷയില്‍ മൂന്നരയോടെയാണ് സന്നിധാനത്തെത്തിയത്.

പുലര്‍ച്ചെ ഒരു മണിയോടെയാണ് പമ്പയിലെത്തിയത്. പമ്പയില്‍ എത്തിയ ശേഷമാണ് സുരക്ഷ തേടിയതെന്നും ബിന്ദു വ്യക്തമാക്കി. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. പമ്പയില്‍ നിന്നും സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു.

എന്നാല്‍, ഒരുവിധത്തിലുള്ള പ്രതിഷേധവും ഉണ്ടായില്ല. ഭക്തര്‍ മാത്രമാണ് സന്നിധാനത്ത് ഉണ്ടായിരുന്നത്. പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. മഫ്തിയില്‍ സുരക്ഷ നല്‍കിയെന്നും സുരക്ഷിതമായി തിരിച്ചിറങ്ങിയെന്നും ബിന്ദു പ്രതികരിച്ചു.
യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പൊലീസും സ്ഥിരീകരിച്ചു. ബിന്ദുവും കനകദുര്‍ഗയും ആറു പുരുഷന്‍മാരും ഉള്‍പ്പെടെ എട്ടംഗ സംഘമാണ് എത്തിയതെന്നും പൊലീസ് അറിയിച്ചു.

ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. പരിമിതമായ സുരക്ഷ നല്‍കാമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍, സുരക്ഷ നല്‍കിയില്ലെങ്കിലും മല കയറി ദര്‍ശനം നടത്തുമെന്ന് യുവതികള്‍ വ്യക്തമാക്കിയതോടെ സംരക്ഷണം നല്‍കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.