ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള: ഇന്നുണ്ടായത് ജനാധിപത്യ പ്രതിഷേധം മാത്രമെന്ന് പികെ കൃഷ്ണദാസ്

single-img
2 January 2019

നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന് പിന്തുണയും അറിയിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് ശ്രീധരന്‍പിള്ള വിശദമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

ശബരിമലയെ തകര്‍ക്കാര്‍ ആസൂത്രിതമായി സര്‍ക്കാര്‍ നടപ്പാക്കിയതാണ് സ്ത്രീപ്രവേശനമെന്നും വിശ്വാസികളോട് സര്‍ക്കാര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഈ കൊലച്ചതിക്കെതിരായി ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ തകര്‍ക്കാന്‍ ഏതു ഹീനമായ കാര്യവും കേരളത്തിലെ ഭരണകൂടം ചെയ്യുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നതാണ്. അക്കാര്യം ഇപ്പോള്‍ ശരിയായിരിക്കുകയാണ്. സമചിത്തതയോടെ ഈ പ്രശ്‌നത്തെ വിശ്വാസികള്‍ കൈകാര്യം ചെയ്യണം. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന്റെ കൊലച്ചിരി മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഭരണാഘടനാനുസൃതമായി പ്രതിഷേധിക്കണം. ശബരിമല കര്‍മസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളോടൊപ്പം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കോടിയേരി എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ദുഃഖിക്കേണ്ടിവരും. കോടിയേരിയുടെ തരംതാണ അഭിപ്രായത്തിന് മറുപടി അര്‍ഹിക്കുന്നില്ല. വിശ്വാസത്തെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. ഈ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ല. വിശ്വാസികളുടെ മനസ്സിനേറ്റ മുറിവ് എപ്പോഴും ഓര്‍മിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്നുണ്ടായത് ജനാധിപത്യ പ്രതിഷേധം മാത്രമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. നാളെ ഹര്‍ത്താലിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തീരുമാനിച്ചാല്‍ അറിയിക്കുമെന്നും പി കെ കൃഷ്ണദാസ് വിശദമാക്കി. ശബരിമലയിലെ യുവതിപ്രവേശത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി രാജി വെച്ച് ഹൈന്ദവ വിശ്വാസികളോട് ക്ഷമ പറയണമെന്ന് അയ്യപ്പകര്‍മ്മ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാനുള്ള പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ കാണാമെന്നും അയ്യപ്പകര്‍മ്മ സമിതി മുന്നറിയിപ്പ് നല്‍കി.