മലക്കംമറിഞ്ഞ് ബിജെപി: നാളത്തെ ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു

single-img
2 January 2019

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ ആഹ്വാനം ചെയ്തിട്ടുള്ള സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സമിതി അറിയിച്ചു. പ്രതിഷേധ പരിപാടികളും ഹര്‍ത്താല്‍ ആചരണവും തികച്ചും സമാധാനപരമായിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

നേരത്തെ, നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന് പിന്തുണയും അറിയിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.

അതേസമയം നാളത്തെ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സംഘടനകള്‍ രൂപീകരിച്ച ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ. കടകളും സ്ഥാപനങ്ങളും പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കും. അക്രമങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചു.

സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ സംഘടനകളുടെ അടിയന്തിര യോഗം കോഴിക്കോട് വ്യാപാര ഭവനില്‍ ചേരും. കഴിഞ്ഞാഴ്ചയാണ് വിവിധ വ്യാപാര സംഘടനകള്‍ ചേര്‍ന്ന് ഹര്‍ത്താലുകള്‍ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചത്.