ചരിത്രമായി വനിതാ മതില്‍: എതിര്‍പ്പുകളെല്ലാം മറികടന്ന് സ്ത്രീകളൊഴുകിയെത്തി; അണിനിരന്ന് ലക്ഷങ്ങള്‍

single-img
1 January 2019

തിരുവനന്തപുരം: നവോത്ഥാനത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തി കേരളത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത വനിതാ മതില്‍ ഉയര്‍ന്നു. വൈകീട്ട് നാല് മുതല്‍ നാലേകാല്‍ വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതില്‍ ഉയര്‍ന്നത്.

ദേശീയപാതയില്‍ റിഹേഴ്‌സലിന് ശേഷമാണ് വനിതാ മതില്‍ തീര്‍ത്തത്. റോഡിന്റെ ഇടതുവശത്തുമാണ് സ്ത്രീകള്‍ അണിനിരന്നത്. മന്ത്രി കെ.കെ.ശൈലജ ആദ്യ കണ്ണിയും ബൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. പതിനഞ്ചു മിനിറ്റ് ആണ് മതില്‍ തീര്‍ത്തത്. തുടര്‍ന്ന് മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലി.

ഏതാണ്ട് 50 ലക്ഷം പേര്‍ മതിലില്‍ അണിനിരന്നെന്നാണ് സംഘാടകര്‍ അറിയിച്ചത്. പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ സാമൂഹ്യ, രാഷ്ട്രീയ നായകര്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മതിലിന്റെ തെക്കേ അറ്റമായ വെള്ളയമ്പലത്ത് മതിലിന് അഭിവാദ്യം അര്‍പ്പിച്ചു.

വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം പരിപാടിക്കെത്തിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാരും വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതിയും തിരുവനന്തപുരത്ത് മതിലില്‍ പങ്കെടുത്തു. നവോത്ഥാന സംരക്ഷണ സമിതിയിലുള്ള 174 സംഘടനകളുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് പേര്‍ മതിലിന്റെ ഭാഗമായി.