റിയാലിറ്റി ഷോയില്‍ ശ്രീശാന്തിനെ ബിഗ്‌ബോസ് മനപ്പൂര്‍വ്വം തോല്‍പ്പിച്ചതോ ?

single-img
1 January 2019

ബിഗ്‌ബോസ് ഷോയില്‍ ശ്രീശാന്തിനെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചതാണെന്ന ആരോപണവുമായി ശ്രീശാന്തിന്റെ മാനേജര്‍ രംഗത്ത്. ഫൈനലില്‍ ശ്രീശാന്തിനെ പരാജയപ്പെടുത്തി ദീപിക ഷോയുടെ ജേതാവായതിനു പിന്നാലെയാണ് മാനേജര്‍ റോണിത കൃഷ്ണ ശര്‍മ രംഗത്തെത്തിയത്. ദീപിക മോശം മത്സരാര്‍ഥിയായിരുന്നെന്നും വിജയിയാകാന്‍ യാതൊരു യോഗ്യതയുമില്ലെന്നുമായിരുന്നു റോണിതയുടെ ട്വീറ്റ്.

”പ്രേക്ഷകരുടെ ഹൃദയം കീഴടക്കാതെ ഒരു ഷോയില്‍ വിജയിച്ചിട്ട് എന്തു കാര്യം? നിങ്ങളോടു പക്ഷാപാതം ഉണ്ടെന്നറിഞ്ഞ് ഒരു ഷോയില്‍ പങ്കെടുക്കുന്നതിന്റെ അര്‍ഥമെന്ത്! ആകര്‍ഷണവും അര്‍ഹതയും ഇല്ലാത്ത മോശം മത്സരാര്‍ഥിയായിരുന്നു ദീപിക.”– റോണിത കുറിച്ചു. നേരത്തെ തനിക്കു ലഭിച്ച രണ്ടാം സ്ഥാനത്തില്‍ ശ്രീശാന്ത് സന്തോഷം പ്രകടിപ്പിച്ചിരുന്നു.

ശ്രീശാന്തിനെ വിജയിയായി തീരുമാനിച്ചാണു മത്സരം മുന്നോട്ടു പോകുന്നതെന്ന ആരോപണം ഫൈനലിന് മുന്‍പേ ഉയര്‍ന്നിരുന്നു. മോശം സ്വഭാവമായിട്ടും ശ്രീയെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് ദീപിക ആരാധകര്‍ നിരവധി ട്രോളുകളും ഉണ്ടാക്കിയിരുന്നു. ഇതിനും റോണിത മറുപടി നല്‍കി.

ശ്രീശാന്ത് മുന്‍കൂട്ടി നിശ്ചയിച്ച മത്സരാര്‍ഥിയാണെന്നു പറഞ്ഞ വിരോധികള്‍ക്കെല്ലാം ഉത്തരം കിട്ടിയല്ലോ?. അദ്ദേഹമാണു യഥാര്‍ഥ മത്സരാര്‍ഥിയെന്നു നിങ്ങള്‍ മനസ്സിലാക്കി എന്നു ഞാന്‍ വിശ്വസിക്കുന്നു. താന്‍ എങ്ങനെയാണോ അതുപോലെ പെരുമാറിയ യഥാര്‍ഥ ഹീറോ! അതെ വിജയിക്കാന്‍ അര്‍ഹത അദ്ദേഹത്തിനായിരുന്നു.

ശ്രീശാന്തിനെ ഏറ്റവും ശക്തനായ എതിരാളി എന്നായിരുന്നു ജേതാവായശേഷം ദീപിക കാക്കര്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തിനെ തോല്‍പ്പിക്കാനാവുമെന്നു കരുതിയില്ലെന്നും പ്രതികരിച്ചു. എന്നാല്‍ ദീപികയുടേതു ദാനമായി കിട്ടിയ വിജയമാണെന്നും ശ്രീശാന്താണു യഥാര്‍ഥ ജേതാവെന്നും റോണിത ട്വീറ്റ് ചെയ്തു.

ഷോയില്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ ശ്രീശാന്തിനെ പലപ്പോഴും അവതാരകനായ സല്‍മാന്‍ഖാന്‍ താക്കീത് ചെയ്തിരുന്നു. ശ്രീശാന്തിന്റെ പ്രസ്താവനകളും പലപ്പോഴായി വിവാദങ്ങളും വാര്‍ത്തകളുമായി. ശ്രീയുടെ പ്രണയും മുതല്‍ ഐപിഎല്‍ വാതുവെയ്പ് വരെ ഇക്കാലയളവില്‍ ചര്‍ച്ചയായി.