നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

single-img
1 January 2019

രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കൂടി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ പ്രകാശ് രാജിന്റെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാകും മത്സരിക്കുക.

‘ഏവര്‍ക്കും പുതുവത്സരാശംസകള്‍. പുതിയ തുടക്കം, കൂടുതല്‍ ഉത്തരവാദിത്തം. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏതു മണ്ഡലമാണു തിരഞ്ഞെടുക്കുകയെന്നതു വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. നിങ്ങളുടെ പിന്തുണ വേണം’- ട്വിറ്ററില്‍ പ്രകാശ് രാജ് അറിയിച്ചു.

ട്വിറ്ററിലൂടെയുള്ള രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പ്രകാശ് രാജിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അതേസമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി നില്‍ക്കുന്നതിനോ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനേ സംബന്ധിച്ചോ അദ്ദേഹം സൂചനകള്‍ നല്‍കിയിട്ടില്ല.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീവ്ര വലതുപക്ഷത്തിനും എതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന വ്യക്തിയാണു പ്രകാശ് രാജ്. സുഹൃത്തും കന്നട മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലക്ഷ്മിയുടെ കൊലപാതകത്തിനു പിന്നാലെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കൂടി. മോദിയുടെ മൗനങ്ങളെ വിമര്‍ശിച്ച താരം, കേരളത്തിനു മതിയായ പ്രളയ ദുരിതാശ്വാസം നല്‍കാതെ 3000 കോടി ചെലവിട്ടു പട്ടേല്‍ പ്രതിമ നിര്‍മിച്ചതിനെതിരെയും രംഗത്തുവന്നിരുന്നു.