മദ്യപിച്ച് ലക്കുകെട്ട അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; വിശന്നു കരഞ്ഞ കുഞ്ഞിന് മുലയൂട്ടിയത് പോലീസുകാരി; പോലീസ് ദമ്പതിമാര്‍ക്ക് നിറഞ്ഞ കയ്യടി

single-img
1 January 2019

പൊലീസ് ദമ്പതിമാരായ എം.രവീന്ദറും പ്രിയങ്കയുമാണ് ഇപ്പോള്‍ ഹൈദരാബാദിലെ താരങ്ങള്‍. നവജാതശിശുവിനെ നോക്കാനേല്‍പ്പിച്ച മദ്യലഹരിയിലായിരുന്ന യുവതി തിരിച്ചുവരാത്തതിനെ തുടര്‍ന്നു സ്റ്റേഷനിലെത്തപ്പെട്ട കുഞ്ഞിന് മുലയൂട്ടിയത് രവീന്ദറുടെ ഭാര്യ പ്രിയങ്കയാണ്.

സംഭവം ഇങ്ങനെ: തിങ്കളാഴ്ച രാത്രി ഒസ്മാനിയ ആശുപത്രിയുടെ സമീപം മദ്യപിച്ച് ലക്കുകെട്ട സ്ത്രീ രണ്ടുമാസം പ്രായമായ കുഞ്ഞിനെ സമീപത്തുണ്ടായിരുന്ന ആളിനെ ഏല്‍പ്പിച്ച ശേഷം ഉടനെത്താമെന്ന് പറഞ്ഞ് കടന്നു കളയുകയായിരുന്നു. കുട്ടിയുമായി ഏറെ നേരം കാത്തിരുന്നിട്ടും ഇവര്‍ തിരിച്ചെത്തിയില്ല.

കുഞ്ഞ് കരച്ചില്‍ തുടങ്ങിയതോടെ ഇയാള്‍ പരിഭ്രാന്തനായി. നിര്‍ത്താതെ കരയുന്ന കുഞ്ഞുമായി ഒടുവില്‍ ഇയാള്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വിശന്നിട്ടാകാം കുഞ്ഞ് കരയുന്നത് എന്ന് മനസ്സിലാക്കി ഇയാള്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിച്ച ശേഷം കുഞ്ഞിനെ അഫ്‌സല്‍ഗുഞ്ജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാത്രി ഡ്യൂട്ടിയിലായിരുന്ന കോണ്‍സ്റ്റബിള്‍ രവിചന്ദ്രര്‍ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ഭാര്യയെ വിവരം അറിയിച്ചു.

തൊട്ടടുത്ത സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് രവീന്ദ്രന്റെ ഭാര്യ പ്രിയങ്ക. പ്രസവത്തെ തുടര്‍ന്ന് ഇവര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. സംഭവം കേട്ടയുടനെ ഇവര്‍ സ്റ്റേഷനിലെത്തി കുഞ്ഞിന് മുലയൂട്ടുകയും ചെയ്തു. വിശപ്പ് മാറിയതോടെ കുഞ്ഞ് സ്വസ്ഥമായി ഉറക്കവും തുടങ്ങി.

”ഭര്‍ത്താവ് വിളിച്ചപ്പോള്‍ തന്നെ താന്‍ ഒരു കാബ് ബുക്ക് ചെയ്തു, ഞാനും ഒരു കുട്ടിയുടെ അമ്മയാണ്. വിശന്നിട്ടാവും കുഞ്ഞ് നിര്‍ത്താതെ കരയുന്നതെന്ന് എനിക്ക് മനസ്സിലായി” പ്രിയങ്ക പറഞ്ഞു. പിന്നീട് കുഞ്ഞിനെ ഗവര്‍ണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ ചഞ്ചല്‍ഗുഡ ഏരിയയില്‍ ഒരു സ്ത്രീ കുഞ്ഞിനെ കാണുന്നില്ല എന്ന് പറഞ്ഞ് കരയുന്നതായി പൊലീസിന് വിവരം ലഭിച്ചു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായതിനാല്‍ കുഞ്ഞിനെ ഏല്‍പ്പിച്ച സ്ഥലം ഇവര്‍ മറന്ന് പോയിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരുമായി ആശുപത്രില്‍ എത്തുകയും കുഞ്ഞിനെ തിരിച്ചറിഞ്ഞ ശേഷം ഇവര്‍ക്ക് കൈമാറുകയും ചെയ്തു.