‘നോട്ട് നിരോധനം ‘ഷോക്ക്’ ആയിരുന്നില്ല; ഒരു വർഷം മുൻപ് എല്ലാവരെയും അറിയിച്ചതാണ്’: വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി

single-img
1 January 2019

നോട്ട് നിരോധനത്തിനുള്ള തീരുമാനം ഒറ്റ രാത്രികൊണ്ട് എടുത്തതല്ലെന്നും പെട്ടെന്നുള്ള പ്രഹരമായിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് നോട്ടുനിരോധനം അനിവാര്യമായിരുന്നു. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“നോട്ടു നിരോധനത്തിന് ഒരു വർഷം മുൻപുതന്നെ ഞങ്ങൾ ആളുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. അവരുടെ കൈവശം കള്ളപ്പണം ഉണ്ടെങ്കിൽ അവർ പിഴയൊടുക്കണമെന്നും, ടെപോസിറ്റ് ചെയ്യാമെന്നും, അതുവഴി അവർക്ക് ശിക്ഷയിൽ നിന്നും രക്ഷപെടാമെന്നും ഞങ്ങൾ ജനങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ അവർ വിചാരിച്ചത് മോദി മറ്റുള്ളവരെ പോലെത്തന്നെ ആയിരിക്കുമെന്നാണ്. അതിനാൽ അവർ ഒന്നും ചെയ്തില്ല” മോദി പറഞ്ഞു.

പണത്തിന്റെ വിനിമയം മുഖ്യധാരയില്‍ സജീവമാക്കുന്നതിന് നോട്ടുനിരോധനം ആവശ്യമായിരുന്നു. നോട്ട് നിരോധനത്തിന് മുമ്പ് രാജ്യത്തെ നശിപ്പിക്കുന്ന വിധത്തില്‍ ഒരു സമാന്തര സമ്പദ് വ്യവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തോടെ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പണം ബാങ്കുകളിലേയ്ക്ക് തിരികെ വന്നു. ഇപ്പോള്‍ കൂടുതല്‍ പേര്‍ നികുതി നല്‍കാന്‍ മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2016 നവംബർ 8നാണ് അപ്രതീക്ഷിതമായി 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിക്കുന്നത്. ഈ തീരുമാനം മൂലം രാജ്യത്തെ 80 ശതമാനം നോട്ടുകളും ഉപയോഗശൂന്യമായി തീരുകയായിരുന്നു. കള്ളപ്പണം നിർത്തലാക്കാനും ബാങ്കിങ് മേഖലയിലേക്ക് നഷ്ട്ടപെട്ട പണം തിരിച്ച് കൊണ്ടുവരാനുമായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.

എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐ വെളിപ്പെടുത്തിയിരുന്നു. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐ. വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് 100ൽപരം മരണങ്ങളും നടന്നിരുന്നു.