അവശനിലയിലും ഓഫീസിലെത്തി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

single-img
1 January 2019

രോഗബാധിതനായി ഏറെ നാളായി ചികില്‍സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നാലു മാസത്തിനിടെ ആദ്യമായി സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി. പാന്‍ക്രിയാറ്റിക് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബറില്‍ എയിംസില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആദ്യമായാണ് മനോഹര്‍ പരീക്കര്‍ സെക്രട്ടേറിയേറ്റില്‍ എത്തുന്നത്.

രാവിലെ 10.45നു കാറില്‍ പ്രധാന ഗേറ്റിലെത്തിയ പരീക്കര്‍ ചുറ്റുംകൂടിയവര്‍ക്കു ചെറുപുഞ്ചിരി സമ്മാനിച്ച് ഓഫിസിലേക്കു പോയി. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകര്‍ പരീക്കറെ കാണാനായി തടിച്ചുകൂടിയിരുന്നു. ബിജെപി എംഎല്‍എമാര്‍, സ്പീക്കര്‍ പ്രമോദ് സാവന്ത്, മന്ത്രിമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

നിലവിലുള്ള ഒഴിവുകള്‍, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം തുടങ്ങി ഉടനടി ശ്രദ്ധ വേണ്ടതായ കാര്യങ്ങളെ കുറിച്ച് അവലോകനം ചെയ്യുന്നതിനായി ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പരീക്കര്‍ പങ്കെടുത്തു. ഡിസംബര്‍ 16ന് തെക്കന്‍ ഗോവയിലെ ന്യൂ സുവാരി പാലവും, പനാജിയിലുള്ള മറ്റൊരു പ്രോജക്ടും പരീക്കര്‍ സന്ദര്‍ശിച്ചിരുന്നു.

ആശുപത്രി വിട്ട ശേഷം പനജിക്കു സമീപത്തുള്ള സ്വകാര്യവസതിയില്‍ വിശ്രമത്തിലാണു പരീക്കര്‍. പരീക്കര്‍ക്കു പകരം മുഴുവന്‍ സമയ മുഖ്യമന്ത്രിയെ നിയമിക്കാന്‍ ബിജെപി തയാറാകണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഉയര്‍ത്തുന്നത്.