ഇനിമുതല്‍ ‘ചുളുവിലയ്ക്ക്’ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങല്‍ അത്ര എളുപ്പമാകില്ല

single-img
1 January 2019

സാധനം എന്തുമാകട്ടെ ചെറുതായാലും വലുതായാലും ഓണ്‍ലൈന്‍ വഴി നമ്മുടെ വീട്ടുപടിക്കലെത്തും. പച്ചക്കറിയും മീനും ചിക്കനും അങ്ങനെ ഉപ്പുതൊട്ട് കല്‍പ്പൂരം വരെ കഴിക്കണമെന്നു തോന്നുമ്പോള്‍ നമ്മുടെ അടുക്കലെത്തും. അതാണ് ഓണ്‍ലൈന്‍ വിപണി. പോരാത്തതിനു സൂപ്പര്‍ ഓഫറുകളും. പിന്നെന്തിന് വെയിലും മഴയും കൊണ്ട് റോഡിലിറങ്ങണം.

എന്നാല്‍ പുതുവര്‍ഷത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു വാര്‍ത്തകളുണ്ട്. 2019 ല്‍ പ്രാബല്യത്തിലാകുംവിധം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസ്ഥകള്‍ ഇവിപണിയിലെ വമ്പന്‍ ഓഫറുകള്‍ക്ക് അന്ത്യം കുറിക്കുമെന്നു വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

വിദേശ നിക്ഷേപമുള്ള ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങള്‍ (പ്ലാറ്റ്‌ഫോമുകള്‍) സംബന്ധിച്ചാണ് പരിഷ്‌കരിച്ച നയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ രംഗത്തെ പ്രമുഖരായ ഫ്‌ലിപ്കാര്‍ട്, ആമസോണ്‍ എന്നിവയൊക്കെ വിദേശ നിയന്ത്രണത്തിലുള്ളവയാകയാല്‍ ബഹുഭൂരിപക്ഷം ഓണ്‍ലൈന്‍ കച്ചവടക്കാരെയും ഉപയോക്താക്കളെയും പുതിയ വ്യവസ്ഥകള്‍ ബാധിക്കും.

വിദേശ കമ്പനികളുടെ വ്യാപാര തന്ത്രങ്ങള്‍ ഇന്ത്യയിലെ കച്ചവട സമൂഹത്തിനു പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മാത്രമല്ല, കുത്തകവല്‍ക്കരണത്തിനു കൂച്ചുവിലങ്ങിടുകയും ലക്ഷ്യമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഉല്‍പന്നം വില്‍ക്കുന്നവര്‍ക്ക് സ്റ്റോക്കിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ ഏതെങ്കിലും ഒരു പ്ലാറ്റ്‌ഫോം വഴി വില്‍ക്കാനാവില്ല.

വില്‍പനക്കാര്‍ ഉല്‍പന്നം സമാഹരിക്കുന്നതിനും നിയന്ത്രണമുണ്ട്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട് തുടങ്ങിയ പ്ലാറ്റ്‌ഫോം കമ്പനികളുടെയോ അവരുടെ ഉപസ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള മൊത്ത വ്യാപാരക്കമ്പനികളില്‍ നിന്നാകരുത് 25 ശതമാനത്തിലേറെ ഉല്‍പന്നങ്ങള്‍.

ഇ–കൊമേഴ്‌സ് പ്ലാറ്റ് ഫോം ഏതെങ്കിലും കമ്പനിയുടെ ഉല്‍പന്നം വില്‍ക്കുന്നതിന് ‘എക്‌സ്‌ക്ലൂസിവ്’ കരാറുകളിലേര്‍പ്പെടരുത്. മറ്റ് വ്യാപാര പ്ലാറ്റ്‌ഫോമുകളിലും ഉല്‍പന്നം ലഭ്യമാക്കണം. ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനോ ഗ്രൂപ്പ് കമ്പനികള്‍ക്കോ ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് ആ പ്ലാറ്റ്‌ഫോം വഴി ഉല്‍പന്നം വില്‍ക്കാനാവില്ല.

പ്ലാറ്റ്‌ഫോം കമ്പനി ഏതെങ്കിലും പ്രത്യേക ആനുകൂല്യങ്ങളോ ചരക്കുനീക്കം, പരസ്യം, വിപണനം, പണമിടപാട്, വായ്പ തുടങ്ങിയ സൗകര്യങ്ങളോ ഏതെങ്കിലും പ്രത്യേക വില്‍പനക്കാര്‍ക്കു മാത്രമായി നല്‍കുന്നതിനും നിയന്ത്രണമുണ്ട്. ആരോടും വിവേചനം ഇല്ലെന്ന് ഉറപ്പാക്കണമെന്നു സര്‍ക്കാര്‍ സര്‍ക്കുലറില്‍ പറയുന്നു.