എന്‍.എസ്.എസിന് തങ്ങളോട് സ്‌നേഹം കൂടിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള; സുകുമാരന്‍ നായര്‍ ദൂഷിത വലയത്തിലെന്ന് വെള്ളാപ്പള്ളി; എന്‍എസ്എസിനു വലിയ തിരിച്ചടിയുണ്ടാകുമെന്നു ഇ.പി.ജയരാജന്‍

single-img
1 January 2019

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എന്‍.എസ്.എസിന് തങ്ങളോട് സ്‌നേഹം കൂടിയിട്ടുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നത് ബിജെപിയാണ്. സ്വാഭാവികമായി അതിന്റെ സ്‌നേഹം എന്‍എസ്എസിന് കാണും. എല്ലാ വര്‍ഷവും ഞാന്‍ ഇവിടെ എത്തി പുഷ്പാര്‍ച്ചന നടത്തിവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന് സമദൂര നിലപാടാണ് ഉള്ളത്. അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ ഞങ്ങളോട് സ്‌നേഹം കൂടുതലുണ്ട്. വിശ്വാസികള്‍ക്ക് വേണ്ടി കൂടുതല്‍ ത്യാഗങ്ങള്‍ സഹിച്ചത് ബി.ജെ.പിയാണെന്നും പിള്ള പറഞ്ഞു.

അതിനിടെ, വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് നിലപാടിനെതിരെ എസ്.എന്‍.ഡി.പി അധ്യക്ഷന്‍ വെള്ളാപ്പള്ളി. വനിതാ മതിലിനെ എന്‍.എസ്.എസ് എതിര്‍ത്തത് ശരിയായില്ല. ജി. സുകുമാരന്‍ നായര്‍ ദൂഷിത വലയത്തില്‍ പെട്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതില്‍ ഒരു പാര്‍ട്ടിയുടേതല്ല. സര്‍ക്കാര്‍ പരിപാടിയാണ്. കേരളത്തില്‍ നവോത്ഥാനം പുനഃസ്ഥാപിക്കാന്‍, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ശ്രമങ്ങളെ നമ്മള്‍ അനുകൂലിക്കണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ഗുരുവചനങ്ങള്‍ സാക്ഷാത്കരിക്കാനാണ് വനിതാ മതിലില്‍ പങ്കെടുക്കുന്നത്.

‘ജാതിഭേദം മത ദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന’ എന്ന് പറഞ്ഞ ഗുരുവിന്റെ സന്ദേശം കേരളത്തില്‍ അടിയന്തരമായി ഉണ്ടാകേണ്ട സാഹചര്യമാണ്. കാരണം ഇന്ന് കേരളം മതവും ജാതിയും വര്‍ണവും പറഞ്ഞുകൊണ്ട് വലിയ തര്‍ക്കം നടക്കുന്ന അവസ്ഥയിലാണുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വനിതാമതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസിനു വലിയ തിരിച്ചടിയുണ്ടാകുമെന്നു വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. എന്‍എസ്എസ് നേതൃത്വം നയം പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷ. യുഡിഎഫും സംഘപരിവാറും നടത്തിയ എതിര്‍പ്രചാരണം വനിതാമതിലിന്റെ ശക്തി വര്‍ധിപ്പിച്ചുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.