സംവാദത്തിന് തയ്യാര്‍; റഫാലില്‍ ജെയ്റ്റ്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച് കോണ്‍ഗ്രസ്

single-img
1 January 2019

ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്ന സര്‍ക്കാര്‍ വെല്ലുവിളി കോണ്‍ഗ്രസ് ഏറ്റെടുത്തു. കോണ്‍ഗ്രസ് ചര്‍ച്ചകളില്‍നിന്ന് ഓടിയൊളിക്കുകയാണെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലുകാര്‍ജുന്‍ ഗാര്‍ഗെയാണ് ഇക്കാര്യം അറിയിച്ചത്.

സ്പീക്കര്‍ സുമിത്രാ മഹാജന്‍ ബുധനാഴ്ച ഇതിനായി പ്രത്യേക സമയം തീരുമാനിക്കണമെന്ന് പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവു കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ‘ജെയ്റ്റ്‌ലി ജി ഞങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. ജനുവരി രണ്ടിന് സംവാദത്തിന് ഞങ്ങള്‍ തയ്യാറാണ്. സമയം നിശ്ചയിച്ചോളൂ’ ഖാര്‍ഗെ പറഞ്ഞു.

ഡിസംബര്‍ ഒന്നിന് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് മുതല്‍തന്നെ റാഫേലില്‍ ജെ.പി.സി(സംയുക്ത പാര്‍ലമെന്റെറി സമിതി)അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ജെറ്റുകളുടെ വില പുറത്ത് വിടാത്തതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

അതേസമയം, വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും നുണകള്‍ ആവര്‍ത്തിച്ചാല്‍ സത്യമാവില്ലെന്നും അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. റാഫേല്‍ ഇടപാട് പി.എ.സി(പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി) പരിശോധിച്ചെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മുമ്പ് ഖര്‍ഗെ അഭിപ്രായപ്പെട്ടിരുന്നു.

റഫാല്‍ വിഷയത്തില്‍ സി.എ.ജി(കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍)റിപ്പോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.