പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരി; അട്ടിമറിച്ചെന്ന് ബിജെപി സഖ്യം

single-img
1 January 2019

പഞ്ചാബിലെ 13276 പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം. ബഹുഭൂരിപക്ഷം സീറ്റുകളിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ ആംആംദ്മിക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളുടെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത ശിരോമണി അകാലിദളും ബിജെപിയും തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി.

വോട്ടെടുപ്പിനിടെ ചിലയിടങ്ങില്‍ ചെറിയ സംഘര്‍ഷങ്ങളുണ്ടായി. വോട്ടര്‍മാരെ ഭീതിയിലാക്കി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് ശിരോമണി അകാലിദളിന്റെ ആരോപണം. ബിജെപിയുമായി സഖ്യത്തിലാണ് ശിരോമണി അകാലിദള്‍. എഎപിയും സമാനമായ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

നേരത്തെ ഉത്തര്‍ പ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളടക്കം തിരിമറി നടന്നിട്ടുണ്ടെന്ന് ബിജെപിക്കെതിരേ വന്‍ ആരോപണമുണ്ടായിരുന്നു. പഞ്ചാബില്‍ അടിപതറിയപ്പോള്‍ ഇതേ ആരോപണമാണ് ബിജെപി ശിരോമണി അകാലിദള്‍ സഖ്യം ഉയര്‍ത്തുന്നത്.