സ്വയം പൊട്ടിത്തെറിക്കും ഈ ഉറുമ്പ് ഭീകരര്‍

single-img
1 January 2019

മലേഷ്യയിലെ ബോര്‍ണിയോ കാട്ടില്‍ ഒരു കൂട്ടം ചാവേറുകളുണ്ട്. ശരീരത്തിലാകെ വിഷം നിറച്ച് സ്വയം പൊട്ടിത്തെറിച്ച് ശത്രുക്കളെ വകവരുത്തുന്ന ഇത്തിരിക്കുഞ്ഞന്‍ ഉറുമ്പുകള്‍. കൊളോബോപ്‌സിസ് എക്‌സ്‌പ്ലോഡന്‍സ് എന്നാണ് ഇവരുടെ ശാസ്ത്രനാമം.

സാധാരണ ഉറുമ്പുകളുടെ വലിപ്പവും ചുവന്ന നിറവുമാണ് ഇവയ്ക്ക്. ശത്രുക്കള്‍ ആക്രമിക്കാന്‍ സമീപമെത്തി എന്ന് മനസ്സിലാക്കിയാല്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ഉള്ള കഴിവാണ് ഇവയെ വ്യത്യസ്തരാക്കുന്നത്. ശരീരത്തിലെ പേശികള്‍ സ്വയം സങ്കോചിപ്പിച്ച് ആണ് ഈ വിദ്യ.

ഇങ്ങനെ പേശികള്‍ സങ്കോചിക്കുമ്പോള്‍ വിഷദ്രാവകം ഉത്പാദിപ്പിക്കാന്‍ ഇവയ്ക്കു സാധിക്കും. പൊട്ടിത്തെറിക്കുന്നതോടെ ഈ വിഷദ്രാവകം ശത്രുക്കളുടെമേല്‍ പതിക്കുകയും അവര്‍ പിന്തിരിഞ്ഞ് ഓടുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ചെയ്യും. എന്നാല്‍ ഉറുമ്പ് കോളനിയിലെ എല്ലാ ഉറുമ്പുകള്‍ക്കും ഈ വിദ്യ വശമില്ല.

കോളനിയെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക പടയാളികളാണ് ഇങ്ങനെ ചാവേറുകളായി നില്‍ക്കുന്നത്. വിയന്നയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ധരാണ് ഈ പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഉറുമ്പുകളെ പറ്റിയുള്ള പഠനം നടത്തിയത്. പഠന വിവരങ്ങള്‍ ശാസ്ത്രജ്ഞന്‍മാര്‍ സൂ കീസ് എന്ന ജേര്‍ണലില്‍ പങ്കുവെച്ചിട്ടുണ്ട്