ദൂരവ്യത്യാസം വെറും 80 കിലോമീറ്റർ, സമയവ്യത്യാസം 25 മണിക്കൂർ; പുതുവർഷം ആദ്യം ആഘോഷിക്കാൻ സമോവയിലെ ജനങ്ങൾ കലണ്ടറിൽ നിന്നും ഒഴിവാക്കിയത് ഒരുദിവസം

single-img
31 December 2018

ഈ വർഷം പുതുവര്‍ഷം ആദ്യം എത്തുന്നത് തെക്കന്‍ പസഫിക്ക് സമുദ്രത്തിലെ സമോവ ദ്വീപിലാണ്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നര മണിയോടെയാണ് സമോവയില്‍ പുതുവര്‍ഷം പിറക്കുന്നത്. ഇതിനുള്ളിലെ കൗതുകകരമായ കാര്യം എന്തെന്നാൽ ലോകത്ത് അവസാനം പുതുവർഷം എത്തുന്നതും സമോവ ദ്വീപിലാണ് എന്നുള്ളതാണ്. കിലോമീറ്ററുകൾ മാത്രം വ്യത്യാസമുള്ള രണ്ടു ദ്വീപുകൾ പുതുവർഷം ആഘോഷിക്കുന്നത് രണ്ടു ദിവസങ്ങളിലാണെന്നുള്ളതാണ് ഇതിലെ പ്രത്യേകത.

സമോവ ദ്വീപിൽനിന്നും 80 കിലോമീറ്റർ മാറിയാണ് രണ്ടാമതു പറഞ്ഞ സമോവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ആദ്യം പുതുവർഷം എത്തുന്ന സമോവ പിന്തുടരുന്നത് ഓസ്ട്രേലിയൻ സമയക്രമവും അമേരിക്കൻ സമോവ ഉൾക്കൊണ്ടിരിക്കുന്നത് അമേരിക്കൻ സമയക്രമവുമാണ്. ലോകത്ത് പുതുവർഷം അവസാനം എത്തുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് അമേരിക്ക.

ഏറ്റവും വലിയ കൗതുകകരമായ കാര്യമെന്തെന്നാല്‍, ഈ രണ്ടു സമോവകളും തമ്മിലുള്ള ദൂരം വെറും 80 കിലോമീറ്റര്‍ മാത്രമാണ് എന്നുള്ളതാണ്. പക്ഷേ സമയ ദൈര്‍ഘ്യം 25 മണിക്കൂറുകളാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. സമോവയില്‍ പുതുവര്‍ഷം പിറന്നു കഴിഞ്ഞ് 25 മണിക്കൂര്‍ കഴിയുമ്പോഴാണ് (ഇന്ത്യന്‍ സമയം ജനുവരി ഒന്ന്, വൈകുന്നേരം നാലര മണിയോടെ) അമേരിക്കന്‍ സമോവയില്‍ പുതുവര്‍ഷം പിറക്കും.

യഥാർത്ഥത്തിൽ അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ബേക്കര്‍ ദ്വീപിലും ഹൗലാന്‍ഡ് ദ്വീപിലുമാണ്. എന്നാൽ ഈ രണ്ടു ദ്വീപിലും ജനവാസമില്ലാത്തതിനാല്‍ അമേരിക്കന്‍ സമോവയാണ് രാജ്യങ്ങളുടെ പട്ടികയിൽ അവസാനം പുതുവർഷം എത്തുന്ന സ്ഥലം. ഹോണോലുലുവില്‍ നിന്ന് മൂവായിരം കിലോമീറ്റര്‍ അകലെ മധ്യ പസഫിക് സമുദ്രത്തിലാണ് ബേക്കര്‍ ദ്വീപ്. അതിനു സമീപത്താണ് ഹൗലാന്‍ഡ് ദ്വീപും.

തെക്കന്‍ പസഫിക്ക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന അമേരിക്കന്‍ സമോവയിൽ നിന്നും 80 കിലോമീറ്റര്‍ മാത്രം മാറിക്കിടക്കുന്ന സമോവയിൽ പുതുവർഷം ആദ്യമെത്തിത്തുടങ്ങിയിട്ട് കുറച്ചു വർഷമേ ആയിട്ടുള്ളൂ. 2012ലാണ് സമോവക്കാര്‍ ഈ നേട്ടം സ്വന്തമാക്കിയത്. അതുവരെ അമേരിക്കന്‍ സസമോവയുടെ സമയക്രമമായിരുന്നു സമോവയും പിന്തുടര്‍ന്നിരുന്നത്. അതായത് അമേരിക്കൻ സമോവയിലും സമോവയിലും പുതുവർഷം ആഘോഷിക്കുന്നത് ഒരേ സമയത്തു തന്നെയായിരുന്നു.

ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് രാജ്യങ്ങള്‍ക്കും സമോവയ്ക്കും ഇടയിലുള്ള ക്രിസ്മസ് ദ്വീപിലും കരിബാത്തി ദ്വീപിലുമായിരുന്നു 2012 നു മുമ്പു വരെ പുതുവര്‍ഷം ആദ്യം എത്തിയിരുന്നത്. ഒരു ദിവസം കഴിഞ്ഞു പുതുവര്‍ഷത്തെ അവസാനം വരവേല്‍ക്കുന്ന സ്ഥലമായിരുന്നു അന്ന് സമോവ.

സമോവ സമയക്രമം മാറ്റുന്നതിന് കാരണമുണ്ട്. ന്യൂസിലന്‍ഡും ഓസ്ട്രേലിയയുമാണ് സമോവയുടെ ഏറ്റവും വലിയ വാണിജ്യ ബന്ധുക്കള്‍ എന്നുള്ളതാണ് സമോവയെ സമയത്തിനു മുന്നേ നടത്തിച്ചത്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും പുതുവത്സരം ആഘോഷിച്ച് 24 മണിക്കൂര്‍ കഴിഞ്ഞു മാത്രം ആഘോഷം നടക്കുന്ന സമോവയില്‍ അവരുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ വലിയ നഷ്ടമാണുണ്ടാക്കിയത്. കാരണം അമേരിക്കന്‍ സമയക്രമമായിരുന്നു സമോവ അതുവരെ പിന്തുടര്‍ന്നിരുന്നത്.

ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്നതാണ് തങ്ങളുടെ രാജ്യപുരോഗതിക്കു അഭികാമ്യം എന്നു മനസ്സിലാക്കിയ സമോവക്കാര്‍ അതിനെപ്പറ്റി ചിന്തിക്കുകയും സമയക്രമമാറ്റം എന്ന പരിഹാരം കണ്ടെത്തുകയുമായിരുന്നു. തങ്ങളുടെ നടപ്പു വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷം വെട്ടിക്കുറയ്ക്കുക എന്നുള്ളതായിരുന്നു അവര്‍ കണ്ടെത്തിയ പരിഹാരം.

തങ്ങളുടെ കലണ്ടറിൽ നിന്നും ഒരുദിവസം വെട്ടിക്കുറയ്ക്കാൻ അവർ തിരഞ്ഞെടുത്ത ദിനം 2011 ഡിസംബര്‍ 30 ആയിരുന്നു. 2011 ഡിസംബര്‍ 29 വ്യാഴാഴ്ച രാത്രി സമോവയില്‍ വിവിധാചാരങ്ങളിലുള്ള പ്രാര്‍ഥനകള്‍ക്കൊപ്പം ആഘോഷങ്ങളും നടന്നു. 29 അര്‍ദ്ധരാത്രിക്കു ശേഷം സമോവക്കാര്‍ നേരേ നടന്നു കയറിയത് ഡിസംബര്‍ 31 ശനിയാഴ്ചയിലേക്കായിരുന്നു. അതായത് ഡിസംബര്‍ 30 എന്ന ദിവസം കലണ്ടറില്‍ നിന്നേ ഇല്ലാതായി. ഡിസംബർ 29 രാത്രി ഇരുട്ടി വെളുത്തത് 31 ഡിസംബറിലേക്കായിരുന്നു. അങ്ങനെ 2011 ഡിസംബര്‍ 31-ന് അവര്‍ ലോകത്ത് പുതുവത്സരം ആഘോഷിക്കുന്ന ആദ്യ രാജ്യമായി മാറുകയായിരുന്നു.

ഭൂമിയിലെ ഇരു ധ്രുവങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കല്‍പിക രേഖയായ ഇന്റര്‍നാഷണല്‍ ഡേറ്റ് ലൈന്‍ അനുസരിച്ചാണ് ദിനങ്ങള്‍ തീരുമാനിക്കുന്നത്. ഈ രേഖയുടെ പടിഞ്ഞാറ് ഭാഗത്താണ് ആദ്യം ദിവസം ആരംഭിക്കുക. എന്നാൽ രാജ്യങ്ങളുടെ കിടപ്പനുസരിച്ച് ഇത് ഒരു നേര്‍വരയായല്ല സ്ഥിതി ചെയ്യുന്നത്. ചിതറിക്കുകിടക്കുന്ന ഭൂവിഭാഗങ്ങളെ ഉള്‍കൊള്ളിക്കാന്‍ ഇതു വളഞ്ഞു പുളഞ്ഞാണ് പോകുന്നത്. നേരത്തേ അമേരിക്കന്‍ സമയം സ്വീകരിച്ചിരുന്നപ്പോള്‍ രേഖയുടെ കിഴക്കു ഭാഗത്തായിരുന്നു സമോവ കിടന്നിരുന്നത്. എന്നാല്‍ അവര്‍ ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും ടൈംസോണില്‍ ചേരാന്‍ തീരുമാനിച്ചതോടെ സമോവയെ പടിഞ്ഞാറുഭാഗത്ത് ഉൾപ്പെടുത്തി ഈ രേഖ മാറ്റിവരയ്ക്കുകയായിരുന്നു.