മൂന്നാം ക്ലാസുകാരന്റെ പരാതി കൊല്ലം ജില്ലാ കളക്ടര്‍ കേട്ടു; തിയേറ്ററിലെ പുകവലി നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവിട്ടു

single-img
30 December 2018

തിയേറ്ററിലെ പുകവലി നിരോധനം കര്‍ശനമാക്കാന്‍ കൊല്ലം ജില്ലാ കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍ ഉത്തരവിട്ടു. കൊല്ലം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി അഭിനവ് എസ്.അനില്‍ കളക്ടര്‍ക്ക് സ്വന്തം കൈപ്പടയിലെഴുതിയ പരാതി പരിഗണിച്ചാണ് നടപടി.

സിനിമയുടെ ഇടവേളയില്‍ മൂത്രപ്പുരയില്‍ പുകവലി രൂക്ഷമാണെന്ന് കാട്ടിയാണ് അഭിനവ് പരാതി നല്‍കിയത്. ഇത് നിര്‍ത്തുന്നതിന് ആവശ്യമായ നടപടി കളക്ടര്‍ സ്വീകരിക്കണമെന്നും അഭിനവ് കത്തില്‍ ആവശ്യപ്പെട്ടു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍ ജില്ലയിലെ തിയേറ്റര്‍ ഉടമകളുടെയും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുകയായിരുന്നു.

ഈ യോഗത്തിലാണ് തിയേറ്ററിലെ പുകവലി നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവിട്ടത്. ജില്ലയിലെ എല്ലാ തിയേറ്ററുകളിലെ മൂത്രപ്പുരയിലും ഇടനാഴികളിലും ഇനി മുതല്‍ പുകവലി നിരോധിച്ചതായി വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് നടപ്പാക്കുന്നത് എക്‌സൈസും പൊലീസും പരിശോധിക്കും. ഇതില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.

കൊല്ലം ജില്ലയിലെ തിയേറ്ററിലെ പുകവലി സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുള്ള നമ്പറുകള്‍: 9400069441, 9400069454,04742745648, 9496002862, 9447178054, 9400069462 (അഞ്ചല്‍),9400069450 (പുനലൂര്‍), 9400069443(കരുനാഗപ്പള്ളി), 9400069455 (പറവൂര്‍).