പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ആയിരം ലിറ്ററിലധികം മദ്യം ‘അപ്രത്യക്ഷമായി’; എലികള്‍ കുടിച്ചു തീര്‍ത്തതാണെന്ന് പോലീസുകാരുടെ വാദം

single-img
30 December 2018

സ്‌റ്റേഷനില്‍ സൂക്ഷിച്ച ആയിരം ലിറ്റര്‍ മദ്യം എലി കുടിച്ച് തീര്‍ത്തുവെന്ന് പോലീസിന്റെ അതിവിചിത്ര വാദം. ഉത്തര്‍പ്രദേശിലെ ബറേലി കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ച മദ്യമാണ് അപ്രത്യക്ഷമായത്. സ്‌റ്റോര്‍ മുറിയില്‍ അകപ്പെട്ട് ചത്തുകിടന്ന നായയെ പുറത്തെടുക്കാനായി വാതില്‍ തുറന്നപ്പോഴാണ് മദ്യം നഷ്ടമായ വിവരം അറിയുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. അനധികൃതമായി നിര്‍മ്മിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന മദ്യമാണ് സ്‌റ്റോര്‍ മുറിയില്‍ സുക്ഷിച്ചിരുന്നത്.

കന്നാസുകളിലായാണ് ആയിരം ലിറ്ററോളം മദ്യം സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കന്നാസുകളില്‍ ഭൂരിഭാഗവും എലി കരണ്ട നിലയില്‍ കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് മദ്യം കുടിച്ച് വയര്‍ വീര്‍ത്ത് അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ കിടക്കുന്ന എലികളെ കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി.

വെള്ളത്തിനു പകരം മദ്യമാണ് ലഭിക്കുന്നതെങ്കിലും എലികള്‍ കുടിക്കാന്‍ സാധ്യതയുണ്ടെന്ന് ജീവശാസ്ത്ര വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ആയിരം ലിറ്റര്‍ മദ്യംവും എലി കുടിച്ചു തീര്‍ത്തു എന്നത് അവിശ്വസീയമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ സംഭവം അടുത്തിടെ ബിഹാറിലെ ഒരു പോലീസ് സ്‌റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.