ഒമാനില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കി

single-img
30 December 2018

ഒമാനില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കി. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000 തൊഴിലവസരങ്ങളെന്ന ലക്ഷ്യം ഫലംകണ്ട സാഹചര്യത്തിലാണ് നടപടി. സ്വദേശിവത്കരണം കര്‍ശനമാക്കുന്നതിന്റെ സൂചന നല്‍കി വിവിധ മന്ത്രാലയങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് 100ല്‍ പരം മേഖലകളില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്ക് താഴിടാനും മന്ത്രാലയങ്ങള്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. കമ്പനികളില്‍ ജീവനക്കാരെ ആവശ്യം വരുമ്പോള്‍ സ്വദേശികള്‍ക്ക് പരിഗണന നല്‍കണം.

ഒഴിവുവരുന്ന തസ്തികയിലേക്ക് സ്വദേശികളെ കണ്ടെത്തുന്നതിനുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കണം. ഇവയ്ക്ക് ശേഷം മാത്രമാണ് ആവശ്യമെങ്കില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കുക. ഒരു വര്‍ഷത്തിനിടെ സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചത് 64,386 സ്വദേശികള്‍ക്കാണ്.

4,125 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ചതായും മാനവവിഭവ ശേഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എണ്ണമേഖലയിലെ സ്വദേശിവത്കരണം മൂലം നിരവധി വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപെട്ടത്.

ഈ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയോഗിക്കുന്നതിന് വേണ്ടി, മാനവ വിഭവശേഷി മന്ത്രാലയവും ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വിസസും സഹകരിച്ച് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എണ്ണ, പ്രകൃതി വാതക മേഖലയിലെ തൊഴിലുകള്‍ക്ക് വേണ്ട പ്രഫഷനല്‍ മികവ് ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് പരിശീലന പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.

തൊഴില്‍ വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് വിദഗ്ധരും പരിശീലനം സിദ്ധിച്ചവരുമായ സ്വദേശി തൊഴില്‍ സേനയെ വാര്‍ത്തെടുക്കുന്നതിന് ഇതു വഴി സാധിക്കുമെന്നാണ് കരുതുന്നത്. ഒമാനില്‍ 2004 മുതല്‍ സ്വദേശി വല്‍ക്കരണം ആരംഭിച്ചെങ്കിലും 2014ല്‍ ആണ് ഊര്‍ജിതമായത്. 2018 എത്തിനില്‍ക്കുമ്പോള്‍ സ്വദേശിവത്കരണത്തിന് പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തി കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണത്തിന് തയ്യാറെടുക്കുകയാണ് തൊഴില്‍ മന്ത്രാലയം.