മെല്‍ബണില്‍ ഇന്ത്യ ടെസ്റ്റ് ജയിക്കുന്നത് 37 വര്‍ഷത്തിന് ശേഷം: ഗാംഗുലിയുടെ റെക്കോഡിനൊപ്പം ഇനി കോഹ്ലിയും

single-img
30 December 2018

37 വര്‍ഷവും 10 മാസവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഓസീസിനെ കീഴടക്കുന്നത്. സുനില്‍ ഗവാസ്‌ക്കറുടെ നേതൃത്വത്തിലുള്ള ടീം 37 വര്‍ഷം മുമ്പ് 59 റണ്‍സിനാണ് ജയിച്ചത്. സിഡ്‌നിയില്‍ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്.

ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ അത് ചരിത്രസംഭവമാകും. അങ്ങനെയെങ്കില്‍ ഇന്ത്യ ആദ്യമായിട്ടായിരിക്കും ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. നാലാം ടെസ്റ്റില്‍ തോറ്റാലും ഇന്ത്യയ്ക്ക് ബോര്‍ഡര്‍ഗവാസ്‌ക്കര്‍ ട്രോഫി നഷ്ടമാകില്ല. പതിനാല് വര്‍ഷത്തിനുശേഷമാവും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര സമനിലയിലാവുന്നത്.

അതേസമയം കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ വിദേശത്തു നേടുന്ന 11ാം ടെസ്റ്റ് വിജയമാണിത്. ഇതോടെ, ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിച്ച നായകനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്തി, കോഹ്‌ലി. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡിനും തൊട്ടടുത്തെത്തി. ധോണിക്കു കീഴില്‍ ഇന്ത്യ 27 ടെസ്റ്റ് വിജയങ്ങള്‍ നേടിയപ്പോള്‍, കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ നേടുന്ന 26–ാം വിജയമാണിത്.

ഈ വിജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്ന് വിരാട് കോലി പറഞ്ഞു. സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിലും വിജയം മാത്രമാണ് ലക്ഷ്യമെന്നും കോലി മത്സരത്തിന് ശേഷം പറഞ്ഞു. ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ഞങ്ങള്‍ക്ക് അവസാന ടെസ്റ്റ് മത്സരം വിജയിക്കണം.

അവസരങ്ങള്‍ ഞങ്ങളെ തേടി വരുമ്പോള്‍ അത് നഷ്ടപ്പെടുത്താനാവില്ല. മത്സരത്തിനിടെ ആരൊക്കെ എന്തൊക്കെ പറഞ്ഞുവെന്നുള്ള കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ജസ്പ്രീത് ബുംമ്രയുടെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട്. മൂന്ന് പേസര്‍മാരും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പേസ് ത്രയങ്ങളായെന്നും കോലി പറഞ്ഞു