ദിലീപ് ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീലിന്’ ആശംസകളുമായി യുവതാരങ്ങള്‍: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
29 December 2018

അഭിഭാഷകന്റെ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന് ആശംസകളുമായി യുവതാരങ്ങള്‍ രംഗത്ത്. നടന്‍മാരായ നിവിന്‍ പോളി, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആശംസകളുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ ദിലീപ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു. ഇത് ഷെയര്‍ ചെയ്താണ് താരങ്ങള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. യുവതാരങ്ങളുടെ ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

46 സെക്കന്റ് മാത്രം നീണ്ടു നില്‍ക്കുന്ന ടീസര്‍ ഒരു ഫണ്‍ എന്റെര്‍റ്റൈനറിന്റെ സൂചനയാണ് നല്‍കുന്നത്. ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകന്റെ റോളിലാണ് ദിലീപ് എത്തുന്നത്. ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ദിലീപുമായി ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപ് അഭിഭാഷക വേഷത്തില്‍ വീണ്ടും എത്തുന്നത്. ചിത്രത്തില്‍ മംമ്തയും പ്രിയാ ആനന്ദുമാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്.

പാസഞ്ചര്‍, മൈ ബോസ്, ടൂ ക്രണ്ടീസ്, തുടങ്ങിയ ചിത്രങ്ങളില്‍ മംമ്തയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രിയാ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്. അജു വര്‍ഗീസ്, സൈജുകുറുപ്പ്, ബിന്ദു പണിക്കര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ചിത്രത്തിന്റെ കഥയും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്റേതാണ്.