ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ കാണാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി

single-img
29 December 2018

ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 56കാരനെ കാണാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മലപ്പുറം കുറുവ പഴമുള്ളൂര്‍ മുല്ലപ്പള്ളി അലിയെ കാണാനാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നേരിട്ട് എത്തിയത്.

മറ്റൊന്നും കൊണ്ടല്ല, കഴിഞ്ഞ 38 വര്‍ഷമായി കിരീടാവകാശിക്ക് ഒപ്പമുള്ള പേഴ്‌സനല്‍ സ്റ്റാഫ് അംഗമാണ് ഈ മലപ്പുറംകാരന്‍. ശൈഖ് മുഹമ്മദിന്റെ എല്ലാ വിദേശയാത്രകളിലും ഒപ്പം പോകേണ്ട ജീവനക്കാരില്‍ ഒരാള്‍. അലിക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോള്‍ അബൂദബിയിലെ ഏറ്റവും മുന്തിയ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണമെന്ന് നിര്‍ദേശിച്ചത് കിരീടാവകാശിയായിരുന്നു.

അദ്ദേഹത്തിന്റെ ഓഫീസ് നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, സുഖവിവരം അന്വേഷിക്കാന്‍ ഭരണാധികാരി തന്നെ നേരിട്ട് എത്തിയതിന്റെ ആശ്ചര്യത്തിലാണ് അലിയുടെ കുടുംബം. ചെണ്ടക്കോട് മുല്ലപ്പള്ളി കോമുക്കുട്ടിയുടെ മകനായ അലി 16മത്തെ വയസിലാണ് അബുദാബിയില്‍ എത്തിയത്.

അടുത്തിടെ ഇദ്ദേഹത്തിന് തലവേദയും ക്ഷീണവും ശക്തമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. അടിയന്തിര ശസ്ത്രക്രിയ നടത്തുവാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അബൂദബി ക്ലീവ്‌ലാന്റ് ആശുപത്രിയിലാണ് അലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നേരത്തേ കണ്ണൂര്‍ സ്വദേശിയായ കൊട്ടാരം ജീവനക്കാരന് രാജകീയ യാത്രയയപ്പ് നല്‍കി അബൂദബി കിരീടാവകാശി യുഎഇയിലെ മലയാളി സമൂഹത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു.