മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മാത്രം ചിലവഴിച്ചത് 5245.73 കോടി രൂപ

single-img
28 December 2018

മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മാത്രം ഇതുവരെ ചെലവഴിച്ചത് 5243.73 കോടി രൂപയെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റോത്തോര്‍. 2014 മെയില്‍ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മോദിസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയെക്കുറിച്ച് പാര്‍ലമെന്റിലാണ് മന്ത്രി കണക്കുകള്‍ അവതരിപ്പിച്ചത്.

കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവി, പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിവ അടങ്ങുന്ന പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ തുടങ്ങിയതിലൂടെയുള്ള പരസ്യങ്ങള്‍ക്കാണ് പൊതുവായി ഇത്രയും തുക ചെലവാകുന്നത്.

2282 കോടി അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും 2312.59 കോടി ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും ചിലവഴിച്ചു. 651.14 കോടിയാണ് ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കായി ചിലവഴിച്ചത്. അധികാരത്തിലെത്തിയ 2014-2015 വര്‍ഷം 979.98 കോടിയാണ് മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവാക്കിയത്.

ഇതില്‍ 424.84 കോടി അച്ചടി മാധ്യമങ്ങളിലും 473.67 കോടി ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും പരസ്യം നല്‍കാന്‍ വേണ്ടിയാണ് ചിലവഴിച്ചത്. 81.27കോടി രൂപ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കുവേണ്ടിയും മോദി സര്‍ക്കാര്‍ ചിലവഴിച്ചു. തൊട്ടടുത്ത വര്‍ഷം 2015-2016ല്‍ ഈ തുക കുത്തനെ ഉയരുകയാണ് ചെയ്തത്.

1160.16 കോടി രൂപയാണ് അധികാരത്തിലെത്തി രണ്ടാംവര്‍ഷം മോദി സര്‍ക്കാര്‍ ചിലവഴിച്ചത്. ഇതില്‍ 508.22 കോടി പ്രിന്റിലും 531.60 കോടി ഇലക്ട്രോണിക്, ശ്രവ്യ മാധ്യമങ്ങളിലും 120.34 കോടി ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കും വേണ്ടി ചിലവഴിച്ചു. മൂന്നാംവര്‍ഷം പരസ്യങ്ങള്‍ക്കായി ചിലവാക്കിയ തുക ഉയര്‍ന്നു. 1264.26 കോടിയാണ് മൂന്നാംവര്‍ഷം മോദി സര്‍ക്കാര്‍ ചിലവഴിച്ചത്. 2017-18 കാലയളവില്‍ 1313.57 കോടിയാണ് ചിലവഴിച്ചത്.