എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ ബി.ജെ.പി ശ്രമം; തന്നെ തകർക്കാന്‍ തറവേല കാണിക്കുന്നു; തുറന്നടിച്ച് വെള്ളാപ്പള്ളി

single-img
27 December 2018

ബിജെപിക്കെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുൻപൊന്നും ഇല്ലാത്ത വിധം ബിജെപി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വനിതാ മതിലിനെ പിന്തുണച്ച  തന്നെ മാനസികമായി തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ തറവേല കാണിക്കുകയാണ്. ഇതെക്കുറിച്ച് പരാതിപ്പെട്ടിട്ടും ബി.ജെ.പി നേതാക്കള്‍ ഇടപെടുന്നില്ല. അമിത്ഷാ പറഞ്ഞതുപോലും കേള്‍ക്കാത്ത ബിജെപിയാണ് കേരളത്തിലേതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഇങ്ങനെ ആണെങ്കിൽ 100 വർഷം കഴിഞ്ഞാലും ബി ജെ പി അധികാരത്തിലെത്തില്ലെന്നും പണപിരിവും ഗ്രൂപ്പിസവും മാത്രമാണ് കേരളത്തിലെ ബിജെപിയില്‍ നടക്കുന്നതെന്നും കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി എന്‍ഡിഎയുടെ പ്രവര്‍ത്തനത്തേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്‍ഡിഎ എന്നൊന്നില്ല, വല്ലപ്പോഴും ഒരു മീറ്റിംഗ് നടന്നാലായി.

ബിജെപിയെ ഭയന്ന് കഴിയാൻ ബിഡിജെഎസിനെ കിട്ടില്ല.തുഷാറും ഭാര്യയുമടക്കം ബിഡിജെഎസ് പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുക്കും. വനിതാ മതിലിനെതിരെ എൻഡിഎ എന്ന പേരിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുന്നണി പൊതുതീരുമാനമെടുക്കാത്ത പക്ഷം ബിജെപിയുടെ നിലപാടല്ല വനിതാ മതിലിൽ ബിഡിജെഎസിനുണ്ടാവുക എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.